Trending

ആർസി മാറ്റുന്നതിനിടെ ഉടമസ്ഥന് ഒടിപി വന്നു, ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടാവ് പിടിയിൽ





കോഴിക്കോട്∙ നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതി പിടിയിൽ.


 ജില്ല ഡപ്യൂട്ടി കമ്മിഷണർ കെ.ഇ. ബൈജു ഐപിഎസ്സിന്റെ കീഴിലുള്ള സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീൻ (41 വയസ്സ്) നെയാണ് വികെ പടിയിലെ വീടിന്റെ പരിസരത്ത് നിന്നും പിടികൂടിയത്.



ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പം തന്റെ ഫോർഡ് കാറിൽ വരികയും പാർക്ക് ചെയ്ത് പോയപ്പോൾ കാറിന്റെ താക്കോൽ എടുക്കാൻ മറക്കുകയും ചെയ്തു. 



എന്നാൽ പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാർ നിർത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്തുള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാർ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് മെഡിക്കൽ കോളജ് സ്റ്റേഷനിൽ പരാതി നൽകുകയും ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നിർദ്ദേശാനുസരണം കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. 


തുടർന്ന് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ മേൽനോട്ടത്തിൽ മെഡിക്കൽ കോളജ് പൊലീസും സ്പെഷൽ ആക്ഷൻ ഗ്രൂപ്പും അന്വേഷണമാരംഭിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനും ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുന്നതിനും മുൻപ് ഇത്തരം വാഹനങ്ങൾ മോഷണം നടത്തിയവരെ രഹസ്യമായി നിരീക്ഷിക്കുന്നതിനുമായി സംഘം പല വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. 40 കിലോമീറ്ററിനുള്ളിലെ പെട്രോൾ പമ്പിലേത് ഉൾപ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. വലിയ സ്ക്രീനിൽ വച്ച് നോക്കിയെങ്കിലും അവ്യക്തമായ ദൃശ്യങ്ങളായിരുന്നു പൊലീസിന് ലഭിച്ചത്. എങ്കിലും ഏകദേശം പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. ഇതിനിടെയാണ് ആർസി മാറ്റുന്നതിനിടെ ഒടിപി ക്കായി യഥാർഥ ഉടമസ്ഥനെ ഓൺലൈൻ സ്ഥാപനത്തിൽ നിന്നും വിളിക്കാനിടയായത്.

.

വിവരമറിഞ്ഞ സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് സ്ഥാപന ഉടമയെ കാണുകയും ആർസി മാറ്റാൻ വന്നവരെ കാണുകയും ചെയ്തു. അവർ നാലു ദിവസം മുൻപ് മറ്റൊരാളോട് വാഹനം വാങ്ങിയതായിരുന്നു. തുടർന്ന് അവരൊടൊപ്പം പ്രതിയുടെ വീടിനടുത്ത് എത്തുകയും പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും സബ് ഇൻസ്പെക്ടർ രതീഷ് ഗോപാൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഷറഫുദീൻ നാട്ടിലെത്തുകയും പിന്നീട് വണ്ടി കച്ചവടം നടത്തുകയും അത് പരാജയപ്പെടുകയുമായിരുന്നു. തുടർന്ന് ജോലി അന്വേഷിച്ച് കോഴിക്കോട് വരികയും മദ്യപിച്ച ശേഷം കറങ്ങി നടക്കുന്നതിനിടയിലാണ് വാഹനം മോഷണം നടത്തി കടന്നു കളഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മെഡിക്കൽ കോളജ് അസിസ്റ്റൻറ് കമ്മിഷണർ കെ.സുദർശൻ പറഞ്ഞു.

സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ റസ്സൽ രാജ്, കെ.പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ്.ശ്രീകാന്ത്, എസ്.ശരത്ത്, ഇ.ടി. ജിനു എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

Post a Comment

Previous Post Next Post