നീറ്റ് 2023 റിസൾട്ട് നീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും, ദേശീയ തലത്തിൽ ഇരുപത്തിമൂന്നാം റാങ്കും, പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം റാങ്കും കരസ്ഥമാക്കിയ ആര്യക്ക് അഭിനന്ദന പ്രവാഹം.
താമരശ്ശേരി പള്ളിപ്പുറം തുവ്വക്കുന്ന് സ്വദേശിനിയായ ആര്യ ആർ. എസ്. 711 മാർക്ക് കരസ്ഥമാക്കിയാണ് കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ 23 മതും എത്തിയത്. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായ രമേഷ് ബാബു ടി.കെ., ഷൈമ കെ. എന്നിവരുടെ മകളാണ് ആര്യ.
അർച്ചന ആർ.എസ്. സഹോദരിയാണ്. താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ. തന്റെ വിജയത്തിൽ നിർണായകമായത് ദൃഢമായ ദൈവവിശ്വാസവും കഠിന പരിശ്രമവും ആണെന്ന് ആര്യ പറയുന്നു.
എല്ലാ ദിവസവും 13 മുതൽ 14 മണിക്കൂർ വരെ പഠനത്തിനായി ചെലവഴിച്ചിരുന്ന ആര്യ, പരീക്ഷയ്ക്ക് അടുത്ത നാളുകളിൽ പഠനസമയം 17 മണിക്കൂർ ആയി വർദ്ധിപ്പിച്ചു.
പഠനത്തിനിടെ താൻ അനുഭവിച്ചിരുന്ന ഉത്കണ്ഠകൾക്ക് തനിക്ക് സ്വതസിദ്ധമായ നൃത്തവും സംഗീതവും എല്ലാം ഒരുപാട് സഹായിച്ചു.
എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ ആഴമായി പഠിക്കുന്നതിന് മികച്ച അവസരമാണ് ലഭിച്ചത്. തുടർന്ന് പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ ഓൺലൈൻ ബാച്ചിൽ ചേർന്ന് നീറ്റ് പരീക്ഷയ്ക്ക് ഒരുങ്ങി. ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ തുടർപഠനം നടത്താനാണ് ആഗ്രഹം. തന്നോടൊപ്പം ഓരോ ദിവസവും കൂടെ ഇരുന്ന് പഠിക്കാൻ സഹായിച്ച മാതാപിതാക്കളെ ആര്യ നന്ദിയോടെ ഓർക്കുന്നു.
സ്കൂളിലെ പ്രിൻസിപ്പൽ ഫാ.ജിൽസൺ ജോസഫ് തയ്യിൽ,വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ.വി.,അധ്യാപകർ എന്നിവർ പരീക്ഷാ ദിവസം വരെയും എല്ലാ പിന്തുണയും നൽകി കൂടെ നിന്നത് ആര്യ നന്ദിയോടെ ഓർക്കുന്നു.
പഠനത്തിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും ആര്യ സ്കൂളിൽ എന്നും മുൻപന്തിയിൽ ആയിരുന്നു എന്ന് അധ്യാപകർ അനുസ്മരിച്ചു.
മൂല്യങ്ങളെ ഒരിക്കലും കൈവിടാതെയും പഠനത്തോടൊപ്പം കലാ രംഗത്ത് തനിക്കുണ്ടായിരുന്ന സംഗീത നൃത്തവാസനകളെ ഏറ്റവും നന്നായി ഉപയോഗിച്ചുമാണ് ആര്യ മുൻപോട്ട് പോയത്.
നന്നായി പഠിക്കുന്ന പല കുട്ടികൾക്കും ക്ലാസ്സിൽ അധ്യാപകർ പഠിപ്പിക്കുന്നതിനപ്പുറം അറിവുള്ളിൽ ഉണ്ടാവും. ഈ സാഹചര്യത്തിലും സ്നേഹത്തോടും വിനയത്തോടും കൂടെ അധ്യാപകരിൽ നിന്നും പഠിക്കാനുള്ള ആര്യയുടെ എളിമയുള്ള നല്ല മനസ്സാണ് ആര്യയെ ഈ വിജയത്തിൽ എത്തിച്ചതെന്ന് അൽഫോൻസാ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിൽസൺ ജോസഫ് പറഞ്ഞു.
