തിരുവമ്പാടി : ചേപ്പിലംങ്ങോേട് ഇരവഞ്ഞിപുഴയോരത്ത് വീട്ടിൽ നിന്നുള്ള അജൈവ മാലിന്യം തള്ളിയതിന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 20000 രൂപ പിഴ ഈടാക്കി .
പുല്ലൂരാംപാറ സ്വദേശി പന്തലാടിക്കൽ ജിന്റോ ജോർജിൽ നിന്നാണ് പിഴ ഈടാക്കിയത് .
ഇയാൾക്കെതിരെ പുഴയോരത്ത് മാലിന്യം തള്ളിയതിന് തിരുവമ്പാടി പോലീസും കേസ്സെടുത്തിട്ടുണ്ട്.
ചേപ്പിലങ്ങോട് ഇരവഞ്ഞിപുഴയോരത്ത് മാലിന്യം തള്ളിയ നിലയിൽ കണ്ട നാട്ടുകാർ വിവരം ഗ്രാമപഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. മാലിന്യത്തിൽ നിന്നും കിട്ടിയ സ്ക്കൂൾ കുട്ടിയുടെ ഡയറിയിലെയും, ടെലഫോൺ ബില്ലിലെയും അഡ്രസ്സിൽ നിന്നാണ് തെളിവ് ലഭിച്ചത്.
കഴിഞ്ഞ ദിവസം പാതിരാമണ്ണ് റോഡരികിൽ കോഴിക്കോട് നഗരത്തിൽ നിന്നുള്ള കൂൾബാറിലെ അളിഞ്ഞ മാലിന്യം തള്ളിയവർക്ക് 22,000 രൂപയും അമ്പലപ്പാറയിലെ വീട്ടിൽ നന്നും അജൈവ മാലിന്യം തള്ളിയ വീട്ടുടമയ്ക്ക് 10000 രൂപയും പിഴചുമത്തിയിരുന്നു. ഇത്തരത്തിൽ
പൊതുസ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് അറിയിച്ചു.
പകർച്ചവ്യാധികളായ ഡെങ്കിപ്പനിയും എലിപ്പനിയും മലയോര പഞ്ചായത്തുകളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മ സേനയെ ഏല്പിക്കാതെ കത്തിക്കുകയും വലിച്ചെറിഞ്ഞ് ഡെങ്കിപ്പനി എലിപ്പനി തുടങ്ങിയ സാംക്രമിക രോഗ പകർച്ചക്ക് കാരണമായാൽ കർശനമായി നിയമനടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മെഡിക്കൽ ഓഫീസറും അറിയിച്ചു.
പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
