താമരശ്ശേരി: വിദേശത്തെ സാമ്പത്തിക ഇടപാടിന്റെ പേരിൽ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫി(38)യെ തട്ടിക്കൊണ്ടുപോയി പത്ത് ദിവസം തടങ്കലിൽ വെച്ചശേഷം മോചിപ്പിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളെ നിയോഗിച്ചവരെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.
crossorigin="anonymous">
മുഹമ്മദ് ഷാഫിയുടെയും, ഇതിനകം കസ്റ്റഡിയിലെടുത്ത നാലുപേരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച് തട്ടിക്കൊണ്ടുപോവാനുള്ള ക്വട്ടേഷൻ നൽകിയവരിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ശേഖരിക്കുകയാണ് പോലീസ്. മുഹമ്മദ് ഷാഫി ദുബായിയിൽ ആയിരിക്കെ നടന്ന ഹവാല ഇടപാടിന്റെ പേരിൽ തന്നെയാണ് തട്ടിക്കൊണ്ടുപോകൽ നടന്നതെന്നും, വർഷങ്ങൾക്ക് മുമ്പുള്ള സ്വർണ്ണക്കടത്ത് സംഭവത്തിന്റെ പേരിലാണ് കടത്തിക്കൊണ്ടുപോകലെന്ന് വരുത്തിതീർക്കാനാണ് സംഘം ശ്രമിച്ചതെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മൈസൂർ, വയനാട് മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ക്വട്ടേഷൻ സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോകവെ കാറുകളും പിന്നീട് തടങ്കലിൽ പാർപ്പിക്കവെ കേന്ദ്രങ്ങളും ഇടയ്ക്കിടെ മാറ്റിയിരുന്നു.
തട്ടിക്കൊണ്ടുപോകാൻ ചരടുവലിച്ചതെന്ന് ഷാഫിയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്ന കൊടുവള്ളി സ്വദേശി മുഹമ്മദ് സാലിയുടെ മുൻ പങ്കാളികളിലേക്കും അന്വേഷണം നീളുകയാണ്. ദുബായിയിൽ ബിസിനസ്സ് ചെയ്യുന്ന കൊടുവള്ളി സ്വദേശി ഷഫീഖ് ആവാം മുഹമ്മദ് ഷാഫിയെ സാലിയുടെ കൂടി അറിവോടെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോവുന്നതിന് ആഴ്ചകൾക്ക് മുമ്പ് വിദേശത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടവർ പ്രസ്തുത കണക്കുകൾ തീർക്കാൻ ആവശ്യപ്പെട്ട് ഷാഫിയെ ബന്ധപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പുള്ള സ്വർണ്ണക്കടത്ത് വിഷയത്തിന്റെ പേരിൽ സമീപകാലത്ത് ഇങ്ങിനെയൊരു പ്രശ്‌നമുണ്ടാക്കേണ്ട സാഹചര്യമില്ലെന്നാണ് ഷാഫിയുടെ കുടുംബം കരുതുന്നത്. ഏതായാലും സംഭവത്തിൽ മുമ്പ് നടന്ന ഹവാല ഇടപാടുമായി ബന്ധമുണ്ടായിരുന്നവരെയെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം തനിക്ക് സംഭവത്തിൽ പങ്കില്ലെന്നും, നൽകാനുള്ള 1.36 കോടി രൂപ തരാതിരിക്കാൻ ഷാഫിയും സംഘവും നടത്തുന്ന നാടകമാവാം തട്ടിക്കൊണ്ടുപോകലെന്നുമാണ് വിദേശത്ത് നിന്നയച്ച വീഡിയോ, ഓഡിയോ സന്ദേശങ്ങളിൽ മുഹമ്മദ് സാലി അവകാശപ്പെടുന്നത്.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെ അന്വേഷണസംഘം രണ്ട് ദിവസം മുമ്പെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമായതോടെ വിദേശത്തേക്ക് കടന്നുകളയാനുള്ള സാധ്യത മുൻനിർത്തിയാണ് വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയത്.
crossorigin="anonymous">
