Trending

പിതാവും രണ്ട് മക്കളും ഉള്‍പ്പെടെ നാലംഗ വാഹനമോഷണ സംഘം പിടിയില്‍




കോഴിക്കോട് നല്ലളത്ത് നാലംഗ വാഹനമോഷണ സംഘം പിടിയില്‍. പിടിയിലായവരില്‍ പിതാവും രണ്ട് മക്കളും ഉള്‍പ്പെടുന്നു. ഇതില്‍ രണ്ടു പേര്‍ വാഹനമോഷണക്കേസുകളില്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കകം ആണ് വീണ്ടും പിടിയിലായത്.

ഇക്കഴിഞ്ഞ പതിനാലാം തിയതി പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊളത്തറ സ്വദേശിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് മോഷ്ടിച്ചത്. ഇതിനു ശേഷം മലപ്പുറത്തും ഫറോക്കിലും രഹസ്യകേന്ദ്രത്തില്‍ ബൈക്ക് സൂക്ഷിച്ചു. പൊലിസ് പിടികൂടാതിരിക്കാന്‍ ബൈക്കിന്റെ നമ്പര്‍ മാറ്റിയാണ് ഉപയോഗിച്ചത്. കുറ്റിക്കാട്ടൂര്‍ സ്വദേശി തായിഫ്, ഫറോക്ക് സ്വദേശി ഫൈസല്‍ മക്കളായ ഷിഹാല്‍, ഫാസില്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ മൂന്നു പേര്‍ ആദ്യം പിടിയിലായി. പിന്നീട് പൊലിസ് പിന്നാലെയുണ്ടെന്ന് വ്യക്തമായ നാലാമത്തെ പ്രതി ബൈക്ക് കോഴിക്കോട് നഗരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. അമ്പലത്തിലെ മോഷണം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണിവര്‍. കസബ സ്റ്റേഷനിലെ വാഹന മോഷണക്കേസില്‍ തായിഫ് ജാമ്യത്തിലിറങ്ങി രണ്ടാം ദിവസമാണ്  ഈ ബൈക്ക് മോഷണം നടത്തിയത്. മലപ്പുറം ജില്ലയിലെ വാഹന മോഷണക്കേസില്‍ അടുത്തിടെയാണ് ഷിഹാലിനും ജാമ്യം ലഭിച്ചത്. നല്ലളം പൊലിസിനൊപ്പം സിറ്റി ക്രൈംസ്ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. 

Post a Comment

Previous Post Next Post