താമരശ്ശേരി: താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിന് സമീപം വ്യാപാര സ്ഥാപനങ്ങൾക്ക് മധ്യത്തിലായി അഴുകി ജീർണിച്ച് ദുർഗന്ധം വമിച്ചു കിടന്ന തെരുവ് നായയുടെ ജഡം ഗ്രാമ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്യാത്തതിനെ തുടർന്ന് കുഴിച്ചുമൂടാനായി യുവാവ് രംഗത്തിറങ്ങി.
താമരശ്ശേരി ചുങ്കം ചുണ്ടക്കുന്ന് സ്വദേശി ഷബീറാണ് പൊരിവെയിലിൽ തെരുവുനായയുടെ ജഡം കുഴിച്ചുമൂടാൻ രംഗത്തിറങ്ങിയത്. വനം വകുപ്പിലെ ദ്രുത കർമ്മ സേനാംഗമായി സേവനമനുഷ്ഠിച്ച് വരികയാണ് ഷബീർ.
നാട്ടുകാർ പല തവണ പരാതിപ്പെട്ടിട്ടും കുഴിച്ചുമൂടാനോ, നീക്കം ചെയ്യാനോ പഞ്ചായത്ത് അധികൃതർ തയ്യാറായില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
