ഉച്ചയ്ക്ക് 1.30ഓടെയാണ് ചെങ്ങന്നൂര്‍ ഉഷാ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് യുവതിയുടെ വീട്ടിലേക്ക് പാഞ്ഞെത്തുകയും ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കുഞ്ഞിനെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണ്. മാസം തികയുന്നതിന് മുന്‍പേ പ്രസവം നടക്കുകയായിരുന്നുവെന്നും യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടായെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം
ബക്കറ്റില്‍ നിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തിയതോടെ ഒരു നിമിഷം പോലും വൈകാതെയാണ് ചോരക്കുഞ്ഞിനേയും എടുത്ത് ചെങ്ങന്നൂര്‍ സിഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലേക്ക് ഓടിയത്. മരിച്ചെന്ന് കരുതി കൈയിലെടുത്ത കുഞ്ഞ് അനങ്ങുന്നത് കണ്ട് ഉടന്‍ തന്നെ പൊലീസ് തൊട്ടടുത്തുള്ള മാമന്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് കുഞ്ഞിനെ മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. യുവതി വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യവും കുഞ്ഞിനെ ഉപേക്ഷിച്ചതിനുള്ള കാരണവും സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.
