Trending

കട്ടിപ്പാറയിൽ സംരഭം തുടങ്ങാൻ എത്തിയ പ്രവാസിയിൽ നിന്നും കോഴ വാങ്ങി വഞ്ചിച്ച സംഭവം;പഞ്ചായത്ത് അംഗങ്ങൾക്കും, UDF നേതാക്കൾക്കുമെതിരെ പോലീസിൽ പരാതി നൽകി. പരാതി നൽകിയത് ലീഗ് പ്രവർത്തകനും പ്രവാസിയുമായ ഷരീഫ്






താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ നാലാം വാർഡിൽപ്പെട്ട മുരുങ്ങും കൊടിയിൽ ഖര മാലിന്യ സംസ്കരണ പ്ലാൻ്റ് ആരംഭിക്കുന്നതിനായി പഞ്ചായത്തിനെ സമീപിച്ച താമരശ്ശേരി തച്ചംപൊയിൽ കൊല്ലരു കണ്ടിഷരീഫിൽ നിന്നും ഒരാഴ്ചക്കകം പഞ്ചായത്ത് അനുമതി ശരിപ്പെടുത്തി തരാം എന്ന് പറഞ്ഞ് ലക്ഷങ്ങൾ കോഴ വാങ്ങുകയും, പിന്നീട് വഞ്ചിക്കുകയും ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഷരീഫ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.

പണം ആവശ്യപ്പെട്ട് പലതവണ വിളിച്ച കോൾ റെക്കോഡുകളും, ഗൂഗ്ൾ പേ രേഖകളും, വാട്ട്സ്
ആപ്പ് സന്ദേശങ്ങളും തെളിവായി ഹാജരാക്കിയിട്ടുണ്ടെന്ന് ഷരീഫ് പറഞ്ഞു.



വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർനും കോൺഗ്രസ്സ് നേതാവുമായ അനിൽ ജോർജ് 16000 രൂപയും, എട്ടാം വാർഡ് മെമ്പറും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റുമായ അബുബക്കർ കുട്ടി 70,000 രൂപയും, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സലാം 50,000 രൂപയും, മണ്ഡലം പ്രസിഡൻറ് റിഫായത്ത് 10,000 രൂപയുമാണ് കൈപ്പറ്റിയത്.



പൊള്യൂഷൻ കൺട്രോൾ ബോർഡിൻ്റെ അനുമതി ലഭിക്കുന്നതിന് മുമ്പും, ശേഷവും  പ്രോജക്റ്റുമായി പഞ്ചായത്തിനെ സമീപിച്ചിരുന്നു. 


ഈ അവസരത്തിലാണ് ഒരാഴ്ചക്കകം പഞ്ചായത്ത് അനുമതി വാങ്ങി നൽകാം എന്ന് പറഞാണ് പണം കൈപ്പറ്റിയത്. എന്നാൽ ഒന്നര വർഷം പിന്നിട്ടിട്ടും അനുമതി നൽകാത്തതിനാൽ പ്ലാൻ്റ് തുടങ്ങാൻ സാധിച്ചില്ല.


റെഡ് കാറ്റഗറിയിൽപ്പെട്ട സ്ഥാപനത്തിലേക്ക് ഏഴു മീറ്റർ റോഡുവേണമെന്നും, മറ്റ് അനുമതികൾ വേണമെന്നുമാണ് പഞ്ചായത്ത് അധികൃതർ ഇപ്പോൾ പറയുന്നത്.

എന്നാൽ ഇതെല്ലാം മറച്ചുവെച്ചാണ് പ്രവാസിയിൽ നിന്നും അനുമതി നേടി തരാം എന്ന് പറഞ്ഞ് പല തവണയായി പണം കൈപ്പറ്റിയത്.

പണം കൈപ്പറ്റിയതായി നേതാക്കളും സമ്മതിക്കുന്നുണ്ട്. പണം കൈപ്പറ്റിയ ശേഷം പഞ്ചായത്ത് എൻഒസി നൽകിയെന്ന് അനിൽ ജോർജ് പറഞ്ഞു. എന്നാൽ എൻ ഒ സി നൽകാൻ പണം കൈപ്പറ്റുന്നത് അഴിമതി അല്ലേ എന്ന ചോദ്യത്തിന് എല്ലാവരും ചേർന്ന് വാങ്ങിയ തുകക്ക് പാർട്ടി ഫണ്ട് റസീറ്റ് നൽകിയിട്ടുണ്ടെന്നാണ് മറുപടി.

സ്ഥാപനം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഭീമമായ തുക താൻ പാർട്ടി ഫണ്ടിലേക്ക് നൽകി എന്ന് പറയുന്നത് പൂർണമായും കളവാണെന്നും, തനിക്ക് ആരും റസീറ്റ് നൽകിയിട്ടില്ലെന്നും, വ്യത്യസ്ത ആളുകൾ (ലീഗ്, കോൺഗ്രസ്സ് നേതാക്കൾ അടക്കം) വാങ്ങിയ തുക പാർട്ടി ഫണ്ട് ആണ് എന്ന് പറഞ്ഞാൽ പൊതു ജനം വിശ്വസിക്കില്ലെന്നും ഷരീഫ് പറഞ്ഞു.

തച്ചംപൊയിലിലെ അറിയപ്പെടുന്ന ലീഗ് കുടുംബാംഗമാണ് ഷരീഫ് പ്രവാസ ജീവിതത്തിനിടെയാണ് സംരഭം തുടങ്ങാനായുള്ള മോഹവുമായി പഞ്ചായത്തിനെ സമീപിച്ചത്.

കോഴ വാങ്ങിയവർക്കെതിരെ വ്യക്തമായ തെളിവ് ആരുടെ മുന്നിലും ഹാജരാക്കാൻതാൻ തയ്യാറാണെന്നും ഷരീഫ് പറഞ്ഞു.



Post a Comment

Previous Post Next Post