കൊച്ചി: ആൺകുട്ടികളുടെ ചേലാകർമ്മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി തള്ളി കേരള ഹൈക്കോടതി. യുക്തിവാദി സംഘടനയായ നോൺ റിലീജ്യസ് സിറ്റിസൺസ് (എൻ.ആർ.സി) നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തം എന്നിവർ അംഗങ്ങളായ ബെഞ്ച് തള്ളിയത്.
വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. നോൺ റിലിജീയസ് സിറ്റിസൺസിന് പുറമേ ടിഎം ആരിഫ് ഹുസൈൻ, നൗഷാദ് അലി, ഷാഹുൽ ഹമീദ്, യാസീൻ എം, കെ അബ്ദുൽ കലാം എന്നിവരും ഹർജിയിൽ പങ്കാളികളാണ്.
18 വയസ്സിന് മുൻപ് ചേലാകർമ്മം നടത്തുന്നത് കുട്ടികളുടെ മൗലികാവശങ്ങളുടെ പച്ചയായ ലംഘനവും മനുഷ്യാവകാശ ലംഘനമാണെന്നുമായിരുന്നു ഹർജി. നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ കുറ്റമാക്കുകയും വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
കോടതി നിയമനിർമ്മാണ സമിതിയല്ലെന്ന് ഹർജി തള്ളിക്കൊണ്ട് ബെഞ്ച് പറഞ്ഞു. പരാതിക്കാർക്ക് അവരുടെ വാദം കൃത്യമായി സമർത്ഥിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. യുനൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി റൈറ്റ് ഒഫാ ചൈൽ, ഇന്റർനാഷനൽ കവനെന്റ് ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്‌സ് തുടങ്ങി കുട്ടികളുടെ അവകാശങ്ങൾ പ്രഖ്യാപിക്കുന്ന വിവിധ അന്താരാഷ്ട്ര കൺവെൻഷനുകളും പ്രമേയങ്ങളും കൂട്ടിച്ചേർത്തായിരുന്നു പരാതിക്കാർ ഹർജി നൽകിയത്. ചേലാകർമം നിർബന്ധിത മതകർമമല്ലെന്നും ഹർജിയിൽ വാദിക്കുന്നു. രക്ഷിതാക്കൾ ഏകപക്ഷീയമായി കുട്ടികൾക്കുമേൽ അടിച്ചേൽപിക്കുന്നതാണിതെന്നും പരാതിക്കാർ ആരോപിച്ചു.
ചേലാകർമം നടത്തിയാൽ ലൈംഗികശക്തി കുറയുമെന്ന തരത്തിലുള്ള ചില അന്താരാഷ്ട്ര മെഡിക്കൽ ജേണലുകളിലെ പഠനവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രതിമൂർച്ഛ വേഗത്തിൽ ലഭിക്കില്ല. സ്ത്രീ പങ്കാളികൾ ലൈംഗികമായി അസംതൃപ്തരാകാനും ഏറെ സാധ്യതയുണ്ടെന്നും ഇവർ വാദിച്ചു.
ചേലാകർമ്മം വാഹനാപകടങ്ങൾക്ക് വരെ കാരണമാകുന്നുണ്ടെന്ന് ഹർജി അവകാശപ്പെടുന്നു. മാനസികാഘാതം, നിസ്സഹായത, മരണത്തിന് വരെ കാരണമാകുന്ന ഗുരുതരമായ മുറിവ് എന്നിവയ്ക്ക് ചേലാകർമ്മം കാരണമാകുന്നുണ്ട്. ലൈംഗികോപദ്രവം, ശാരീരികോപദ്രവം, ഗാർഹികപീഡനം, സമുദായ പീഡനം, മെഡിക്കൽ ട്രോമ, വാഹനാപകടം എന്നിവയ്ക്കും കാരണമാകുന്നു. ശൈശവകാലത്തെ മാനസികാഘാതം വൈകാരിക പ്രതിബന്ധങ്ങൾക്കും വഴിവയ്ക്കുന്നു- ഹർജിയിൽ ആരോപിച്ചു.
ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതോടൊപ്പം കേന്ദ്ര സർക്കാർ നടപടി നിരോധിച്ചുകൊണ്ട് നിയമം തയാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകരായ ജീവേഷ്, സാബു എം. ഫിലിപ്പ്, പി. ഷഹീൻ, ആകാശ് എസ് എന്നിവരാണ് ഹരജിക്കാർക്കു വേണ്ടി കോടതിയിൽ ഹാജരായത്. സംസ്ഥാന സർക്കാരിനു വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർ കെ.പി ഹരീഷും കേന്ദ്ര സർക്കാരിനു വേണ്ടി കൗൺസൽ ബി. പ്രമോദും നിലപാട് വ്യക്തമാക്കി.
