പാലക്കാട് കണ്ണാടിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ ഒരാഴ്ച പ്രായമുള്ള കുഞ്ഞും മരിച്ചു. അകത്തേത്തറ ധോണി സ്വദേശി വിനിഷ(30)യുടെ ആണ്‍കുഞ്ഞാണ് ശനിയാഴ്ച വൈകിട്ട് മരിച്ചത്.
കണ്ണാടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മൃതദേഹം ശനിയാഴ്ച വൈകീട്ട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. കഴിഞ്ഞ 11ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിനിഷയുടെ പ്രസവം. ഇതിന് പിന്നാലെ വൈകിട്ടോടെ യുവതി മരിച്ചു. പ്രസവത്തിന് പിന്നാലെ യുവതിയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞിരുന്നു. എന്നാല്‍ ഹൃദയാഘാതമാണെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
ഇതിനിടെ പ്രസവശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കണ്ണാടിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ കൂടുതല്‍ ചികിത്സാ സൗകര്യങ്ങളുണ്ടെന്നത് കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതിന് പിന്നാലെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
