Trending

കെഎസ്ആർടിസി ബസിൽ ലഹരി മരുന്ന് കടത്ത്: രണ്ടു പേര്‍ അറസ്റ്റില്‍





കെഎസ്ആർടിസി ബസിൽ എംഡിഎംഎയും കഞ്ചാവും കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കളെ കൊല്ലം പുനലൂരിൽ എക്സൈസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി, കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.

 പുനലൂരിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ കടത്താൻ ശ്രമിച്ച മുപ്പത്തിരണ്ടു ഗ്രാം എംഡിഎംഎയും പതിനേഴു ഗ്രാം കഞ്ചാവും പിടികൂടിയത്.

 മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമൂക്ക് പിലാലകണ്ടി വീട്ടിൽ ഷംനാദ്,  കാസർഗോഡ്  മഞ്ചേശ്വരം മംഗൽപടി പുളിക്കുന്നി വീട്ടിൽ മുഹമ്മദ് ഇമ്രാൻ എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ നിന്ന് ഒരുലക്ഷം രൂപയ്ക്ക് വാങ്ങിയ എംഡിഎംഎ  വിവിധ ജില്ലകളിൽ വിൽപ്പന നടത്താനായിരുന്നു നീക്കം. കേരളത്തിൽ ഗ്രാമിന് പതിനായിരം രൂപയ്ക്കാണ് വില്പന നടത്തിവന്നതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു.


 

ലഹരി വസ്തുക്കളുടെ  തൂക്കം നോക്കുന്നതിന് മൊബൈൽ ഫോണിന്റെ രൂപത്തിലുള്ള ഇലക്ട്രോണിക് ത്രാസും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. വായു സമ്പർക്കം ഉണ്ടായി രാസലഹരി അലിഞ്ഞു പോകാതെയിരിക്കുന്നതിന് വളരെ ചെറിയ അലുമിനിയം ബോക്സിനുള്ളിലാക്കിയാണ് കടത്തികൊണ്ട് വന്നത്. 

ലഹരി ഉപയോഗിച്ചത് മറ്റാർക്കും മനസിലാകാതെയിരിക്കുവാൻ കണ്ണിൽ ഒഴിക്കുന്ന ഐഡ്രോപ്സ്, ചുണ്ടിൽ പരട്ടുന്ന പ്രത്യേക ലേപനം  എന്നിവ പ്രതികളുടെ കൈവശം ഉണ്ടായിരുന്നു. പത്തു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

 ട്രെയിൻ, വാഹന പരിശോധനകൾ  ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. 

Post a Comment

Previous Post Next Post