താമരശ്ശേരി താലൂക്കാശുപത്രിക്ക് ഗുരുതരമായ എന്തോ അസുഖം ബാധിച്ചിരിക്കുന്നു .
കുറച്ച് നാളുകളായി തൊലിപ്പുറത്ത് മാത്രം കണ്ടു വന്ന ഈ മുറിവ് ഈയിടെയായി ഹൃദയത്തിലേക്ക് പടർന്നു തുടങ്ങിയതിൻ്റെ ലക്ഷണങ്ങൾ സമീപ ദിവസങ്ങളിൽ കണ്ടുതുടങ്ങി ...
പേറ്റ് നോവിൽ ഉഴലുന്ന
നിറ ഗർഭിണികൾ
ആംബുലൻസിൽ പ്രസവിച്ചു പോവുന്നു ,മെഡിക്കൽ കോളേജിൽ തുടർ ചികിത്സ നടത്തണമെന്ന് നിർദേശിച്ച് അയച്ചവർ വീട്ടിൽ പ്രസവിക്കുന്നു, പേറ് കഴിഞ്ഞ് കിടക്കുന്ന പെണ്ണുങ്ങൾ ഡോക്ടറുടെ സാന്നിദ്ധ്യമില്ലാതെ ചോര പോയും മറുപിള്ള വീഴാതെയും പ്രസവാനന്തര ശുശ്രൂഷകൾക്കായി ഉഴറുന്നു .
മലയോര മേഖലയിലെ പാവപ്പെട്ടവൻ്റെയും സാധാരണക്കാരൻ്റെയും ജീവതാളമായ ഒരു ആശുപത്രി ഇനിയും ഇങ്ങിനെ മുന്നോട്ടു പോവുന്നത് കഷ്ട്ടമാണ് ...
താമരശ്ശേരി താലൂക്ക് ആശുപത്രി
ഇന്ന് നേരിടുന്ന പ്രതിസന്ധികൾക്ക് രോഗമറിഞ്ഞ് ചികിത്സിക്കാൻ
ബന്ധപ്പെട്ടവർ എത്രയും വേഗം മുന്നിട്ടിറങ്ങിയില്ലെങ്കിൽ അതിൻ്റെ ജീവശ്വാസം തന്നെ നിലച്ചുപോകും എന്നതാണ് അവസ്ഥ ...
നീയാണോ ചികിത്സിക്കേണ്ടത് ഞാനാണോ ചികിത്സിക്കേണ്ടത് എന്ന തരത്തിലുള്ള മൂപ്പിളമത്തർക്കവും ഈഗോയും ബന്ധപ്പെട്ടവർ വെച്ചു പുലർത്തുന്നിടത്തോളം ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുക തന്നെ ചെയ്യും , രാഷ്ട്രീയ വേർതിരിവും പക്ഷം ചേരലുമില്ലാതെ നമ്മുടെ നാടിനും നാട്ടുകാർക്കും വേണ്ടിയുള്ള ഒരു ആതുരാലയമാണെന്ന ചിന്തയോടെ ഉണർന്ന് പ്രവർത്തിക്കുക ....
കുറുന്തോട്ടിക്ക് തന്നെ വാതം
എന്ന നമ്മുടെ നാട്ടു ചൊല്ലിനെ അന്വർത്ഥമാക്കുന്ന അവസ്ഥയിലാണ് താമരശ്ശേരി താലൂക്കാശുപത്രി ചെന്നുപെട്ടിട്ടുള്ളത് .
പുറംമോടി കാട്ടി നേടിയെടുക്കുന്ന കായകൽപ്പത്തിനുമപ്പുറം പാവപ്പെട്ടവൻ്റെ മനസ്സിലെയും ഹൃദയത്തിലെയും ചോര കിനിയുന്ന മുറിവുകളിൽ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും മരുന്നുവെച്ചുകെട്ടി അവർക്ക് ഇത്തിരിയെങ്കിലും
സാന്ത്വന സ്പർശമേകുവാൻ പരിശ്രമിക്കുക ....
കടപ്പാട്:
എസ്.വി.സുമേഷ്
താമരശ്ശേരി
