Trending

'സ്ത്രീകള്‍ക്ക് പള്ളിയില്‍ നിസ്‌കാരത്തിന് വിലക്കില്ല'; പുരുഷനുമായി ഇടകലരുന്നതിനാണ് വിലക്കെന്ന് സത്യവാങ്മൂലം




ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് പള്ളിയില്‍ നിസ്‌കാരത്തിന് വിലക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. മറിച്ച് പള്ളിയില്‍ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് ഇരിക്കുന്നതിനാണ് വിലക്കെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു. പള്ളികളില്‍ ഇടകലര്‍ന്നിരിക്കുന്നത് ഒരു മതഗ്രന്ഥവും അനുവദിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടുന്നു.മക്കയിലെ കഅ്ബയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സ്ത്രീകളേയും പുരുഷന്മാരേയും വേര്‍തിരിച്ചിരുത്താന്‍ പ്രത്യേകം ഒരുക്കിയ താല്‍ക്കാലിക സംവിധാനം ഉണ്ടെന്നും മുസ്ലീം വ്യക്തി നിയമബോര്‍ഡ് വ്യക്തമാക്കി. വാസ്തവത്തില്‍, മക്കയില്‍, മസ്ജിദ് അല്‍ ഹറാമിന് സമീപത്തായി നിരവധി പള്ളികളുണ്ട്, അവിടെ മുഹമ്മദ് നബിയുടെ കാലം മുതല്‍ ഇത്തരത്തില്‍ സ്ത്രീകളേയും പുരുഷന്മാരേയും ഒരുമിച്ച് നിസ്‌കരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചു. മിക്കവാറും എല്ലാ പള്ളികളിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ പ്രവേശന കവാടമുണ്ട്. ശുചിമുറി പോലും വെവ്വേറെ ഇടങ്ങളിലാണെന്നും ചൂണ്ടികാട്ടി.

പള്ളിയില്‍ സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയിലാണ് മറുപടി സത്യവാങ്മൂലം. പൂനെ സ്വദേശിയായ വനിതാ അഭിഭാഷക ഫര്‍ഹാ അന്‍വര്‍ ഹുസൈന്‍ ഷെയ്ക് 2019 ലാണ് ഹര്‍ജി സമര്‍പ്പിച്ചത്. പള്ളികളില്‍ ആരാധന നടത്താന്‍ സ്ത്രീകളെ അനുവദിക്കാത്തത് നിയവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി. ഇതില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി വ്യക്തി നിയമ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post