Trending

സീബ്രാലൈൻ കാൽനടക്കാർക്ക്​; അപകടമുണ്ടായാൽ ഉത്തരവാദി ഡ്രൈവറെന്ന് ഹൈകോടതി




കൊച്ചി: റോഡുകളിലെ സീബ്രാലൈനുകളിൽ പ്രഥമ പരിഗണന കാൽനടക്കാർക്കും ഇവിടെയുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഡ്രൈവർക്കുമാണെന്നും​ ഹൈകോടതി. സീബ്രാ ക്രോസിങ്ങിൽ കാൽനടക്കാരന്‍റെ അവകാശം സംബന്ധിച്ച്​ ഒരു തർക്കത്തിനും സ്ഥാനമില്ല. കാൽനടക്കാർ സീബ്രാലൈനിലൂടെ പോകുമ്പോൾ വാഹനത്തിന്‍റെ വേഗം കുറക്കാനും നിർത്തിക്കൊടുക്കാനും ഡ്രൈവർക്ക്​ ബാധ്യതയുണ്ടെന്നും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

സീബ്രാലൈനിൽ അപകടത്തിൽ മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക്​ 48.3 ലക്ഷം രൂപ നഷ്​ടപരിഹാരം നൽകണമെന്ന തലശ്ശേരി മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവ്​ ചോദ്യം ചെയ്​ത്​ ഇൻഷുറൻസ്​ കമ്പനി നൽകിയ ഹരജിയിലാണ്​​ കോടതിയുടെ നിരീക്ഷണം.

ഡോറീന റോള മെൻഡൻസ എന്ന എൽ.പി സ്​​കൂൾ പ്രധാനാധ്യാപിക​ കണ്ണൂർ ചെറുകുന്ന് ദേശീയ പാതയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ 2015 ഫെബ്രുവരി 10ന്​ പൊലീസ്​ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട്​ ആശുപത്രിയിൽ മരിച്ചു. ഇതിലൂടെ കുടുംബത്തിനുണ്ടായ നഷ്ടം വിലമതിക്കാനാകാത്തതാണെന്ന്​ സിംഗിൾ ബെഞ്ച്​ നിരീക്ഷിച്ചു. 1989ലെ റോഡ് റഗുലേഷൻ ചട്ടമനുസരിച്ച് സീബ്രാലൈനുകളിൽ വാഹനങ്ങൾ വേഗം കുറച്ച് കാൽനടക്കാർക്ക് സൗകര്യമൊരുക്കണമെന്നാണ്​ വ്യവസ്ഥ.


Post a Comment

Previous Post Next Post