താമരശ്ശേരി: പരിമിതമായ സൗകര്യങ്ങൾക്കിടയിൽ മൂന്ന് ഗൈനക്കോളജിസ്റ്റുമാരെ മാത്രം വച്ചുകൊണ്ട് മാസം 100 മുതൽ 150 വരെ പ്രസവം നടക്കുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയെയും ജീവനക്കാരെയും താറടിച്ചു കാണിക്കുകയും അതുവഴി ആശുപത്രി ജീവനക്കാരുടെ മനോവീര്യം തകർക്കുകയും ആശുപത്രിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടമാക്കുകയും ചെയ്യുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടി ചില കോണുകളിൽ നിന്നുള്ള പ്രവർത്തനങ്ങൾ നിരാശാജനകമാണെന്ന് കോഴിക്കോട് കെജിഎംഒഎ അഭിപ്രായപ്പെട്ടു.
24 മണിക്കൂറും പ്രസവം നടക്കുന്ന ആശുപത്രിയിൽ എല്ലാ പ്രസവങ്ങൾക്കും ഗൈനക്കോളജിസ്റ്റുമാർ തൽസമയം എത്തിച്ചേരണമെങ്കിൽ ആശുപത്രിയിൽ ഏറ്റവും കുറഞ്ഞത് ഏഴ് ഗൈനക്കോളജി ഡോക്ടർമാർ തന്നെയെങ്കിലും വേണ്ടിവരും. ദിവസത്തിൽ അഞ്ചു മണിക്കൂർ ഡ്യൂട്ടി നിഷ്കർഷിച്ചിട്ടുള്ള മൂന്ന് ഡോക്ടർമാർ 24 മണിക്കൂറും ആശുപത്രിയിൽ ഉണ്ടാവണമെന്നത് അപ്രായോഗികമാണ്. ഗൈനക്കോളജിസ്റ്റ് മാരുടെ സേവനം ആവശ്യമുള്ള സമയങ്ങളിൽ രാപകൽ വ്യത്യാസം ഇല്ലാതെ അവർ സേവനം നൽകാറുമുണ്ട്.
അടുത്തിടെ നടന്ന സംഭവത്തിലും ഗൈനക്കോളജി ഡോക്ടർ എത്തി താമരശ്ശേരി ആശുപത്രിയിൽ നിന്നും നൽകാൻ പറ്റാവുന്ന എല്ലാ ചികിത്സയും നൽകിയതിനുശേഷം ആണ് കൂടുതൽ ചികിത്സക്ക് വേണ്ടി രോഗിയെ മെഡിക്കൽ കോളേജിലേക്ക് അയച്ചത്.
ഒരു അനസ്തീഷ്യ ഡോക്ടറുടെയും ഒരു കുട്ടികളുടെ ഡോക്ടറുടെയും തസ്തിക മാത്രമുള്ള താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സങ്കീർണ്ണ പ്രസവ സാധ്യതയുള്ള രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യപ്പെടുക സ്വാഭാവികമാണ്.
പ്രസവത്തിന്റെ സങ്കീർണതകൾ 100% മുൻകൂട്ടി പ്രവചിക്കുന്നത് അസാദ്ധ്യമാണ്.
ഇത്തരം സാഹചര്യത്തിൽ ആശുപത്രിക്ക് എതിരെയും ജീവനക്കാർക്ക് എതിരെയും അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടർന്നാൽ നിലവിലെ ജീവനക്കാരുടെ എണ്ണത്തിനും സൗകര്യത്തിനും അനുസരിച്ചുള്ള ചികിത്സ മാത്രം നൽകുന്ന അവസ്ഥയിലേക്ക് ആശുപത്രി ചെന്നെത്തുന്ന സാഹചര്യം ഉണ്ടാകും.
ഓരോ ജില്ലകളിലെയും തിരഞ്ഞെടുത്ത ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിച്ച് ഇരുപത്തിനാല് മണിക്കൂറും ഗൈനക്കോളജി, അനസ്തീഷ്യ, പിടിയാട്രിക് വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാവുന്ന "ഡെലിവറി പോയന്റ്സ് (DELIVERY സേവനം POINTS) എന്ന ആശയം സംഘടന അധികാരികൾക്കു മുമ്പിൽ സമർപ്പിച്ചതാണ്. ഗർഭകാല പ്രസവ സമയങ്ങളിൽ കാര്യക്ഷമമായ ചികിത്സ ലഭ്യമാകുന്നതിനും അനാവശ്യമായ ചികിത്സാ പിഴവ് ആരോപണങ്ങൾ ഒഴിവാക്കുന്നതിനും ഈയൊരു ആശയം പ്രാവർത്തികമാകുന്നതിലൂടെ
സാദ്ധ്യമാകുന്നതാണെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ്
ഡോ. ഷാജി സി കെ ,സെക്രട്ടറി
ഡോ. വിപിൻ വർക്കി എന്നിവർ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
