താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ ഒന്നാം പ്രതി അലി ഉബൈറാനെ താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു.
ഗൾഫിലെ സ്വർണ കടത്തുമായി ബന്ധപ്പെട്ട് പണമിടപാടു സംംബന്ധിച്ച തർക്കത്തെ തുടർന്നാണ് മുക്കത്തെ വ്യാപാരിയായ താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നാളെ തട്ടി കൊണ്ട് പോയത്.
കേസിലെ മുഖ്യ പ്രതിയായ മുക്കം കൊടിയത്തൂർ എള്ളങ്ങൽ വീട്ടിൽ അലി ഉബൈറാൻ (26)എന്നാളെയാണ് കോഴിക്കോട് റൂറൽ എസ് പി. ആർ കറപ്പസ്വാമി ഐ പി എസ്. ന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സഘം പിടികൂടിയത്.
ഇന്നലെ രാത്രി 7.45 മണിക്കാണ് റൂറൽ എസ് പി ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം വലിയ പറമ്പ് വെച്ച് KL 57-Y-1107- നമ്പർ കാർ സഹിതം പ്രതിയെ താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങിലക്കണ്ടിയും സംഘവും പിന്തുടർന്ന് തടഞു നിർത്തി പിടികൂടുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഇരുപത്തിരണ്ടാം തിയ്യതി രാത്രി മുക്കത്തുള്ള സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ 9.45 ഓടെ താമരശ്ശേരി -മുക്കം റോഡിൽ വെഴ്പ്പൂർ എന്ന സ്ഥലത്തെത്തിയപ്പോൾ ടാറ്റാ സുമോ കാറിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം സ്കൂട്ടറിന് ബ്ലോക്കിട്ട് അഷ്‌റഫിനെ ബലം പ്രയോഗിച്ച് സുമോ കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു.
സംഭവം കണ്ട ബൈക്ക് യാത്രക്കാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത്
അന്വേഷണം നടത്തി വരികയായിരുന്നു.
തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും,മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും നിരവധി CCTV ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിനു പിറ്റേന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ട് കാറുകളും വാടകക്ക് എടുത്തതായിരുന്നു.
സുമോ കാർ വാടകക്ക് എടുക്കുമ്പോൾ കൊടിയത്തൂർ സ്വദേശി അലി ഉബൈറാൻ എന്നാളുടെ തിരിച്ചറിയൽ രേഖ നൽകിയിരുന്നു.
ഇയാൾ കരിപ്പൂർ സ്വർണ്ണകവർച്ച കേസിലെ പ്രതിയായിരുന്നു.
മുക്കം സ്വദേശിയും കൊടിയത്തൂർ മലപ്പുറം ജില്ലകളിലെ സ്വർണ്ണക്കടത്ത് സംഘവും തമ്മിലുള്ള പണമിടപാടിൽ മലപ്പുറം കാവനൂർ സ്വദേശി തെക്കേ തൊടി അബ്ദുൽ സലാമിന്റെയും അലി ഉബൈറാന്റെയും കേരളത്തിലേക്ക് കടത്താനുള്ള സ്വർണ്ണം മുക്കം സ്വദേശി ഗൾഫിൽ തടഞ്ഞു വെച്ചത് വിട്ടു കിട്ടാൻ വേണ്ടിയാണു മുക്കം സ്വദേശിയുടെ സഹോദരി ഭർത്താവിനെ തട്ടിക്കൊണ്ടു പോയത്.
തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ കരിപ്പൂർ എയർപോർട്ടിൽ വെച്ച് വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം രണ്ടത്താണി മുഹമ്മദ് ജൗഹറിനെയും മുക്കത്തു വെച്ച് ഒന്നാം പ്രതിയുടെ സഹോദരന്മാരായ കൊടിയത്തൂർ എള്ളങ്ങൽ ഷബീബ് റഹ്മാൻ, മുഹമ്മദ് നാസ് എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് എറണാകുളത്ത് ക്വട്ടേഷൻ സംഘം തടവിൽ വെച്ച അഷ്‌റഫിനെ വിട്ട യക്കുകയായിരുന്നു.
എറണാകുളം,ബാംഗ്ലൂർ, കോയമ്പത്തൂർ, എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ അലി ഉബൈറാൻ നാട്ടിലുള്ള സുഹൃത്തിനെ കാണാൻ വരാറുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് ദിവസങ്ങളോളം പോലീസ് നിരീക്ഷിച്ചിരുന്നു.
കരിപ്പൂർ സ്വർണ്ണ കവർച്ച കേസിൽ പോലീസ് അലി ഉബൈരനെയും മൂന്ന് സഹോദരന്മാരെയും പിടികൂടിയിരുന്നു.
തുടർന്ന് കരിപ്പൂർ കേസ് അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്റെ ബാംഗ്ലൂരിൽ കോളേജിൽ പഠിക്കുന്ന മകനെ ബാഗിൽ മയക്കു മരുന്നു വെച്ച് കുടുക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നെങ്കിലും നടപ്പിലാവാതെ പോകുകയായിരുന്നു.
കേസിലെ മറ്റു പ്രതികളായ പെരുമണ്ണ പെരിങ്ങോട്ട്പറമ്പ് വീട്ടിൽ നൗഷാദ് അലി,മലപ്പുറം രണ്ടത്താണി മാറാക്കര തിരുനിലത്തു വീട്ടിൽ സാബിത്, രണ്ടത്താണി നരിക്കൽവില സാബിത്, രണ്ടത്താണി കുന്നേക്കാട് മുഹമ്മദ് കുട്ടി എന്ന ഫവാസ്,എറണാകുളം ക്വട്ടേഷൻ സംഘത്തിൽ പെട്ട എറണാകുളം തൃപ്പൂണിത്തുറ പാലായിൽ ശിവസദനം വീട്ടിൽ വീട്ടിൽ കരുൺ,മറ്റു രണ്ടു പേർ എന്നിവർ ഇനിയും പിടിയിലാവാനുണ്ട്.
രണ്ട് മാസത്തിലേറെയായി ഈ പ്രതികളുടെ അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈകോടതി ഉത്തരവുണ്ട്.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്വർണ്ണകടത്തു സംഘത്തിൽ പെട്ട അലി ഉബൈറാനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ്.എസ്.ഐ. മാരായ രാജീവ് ബാബു, പ്രകാശൻ. എം ഇ , എ എസ് ഐ ബിജേഷ്.കെ.പി ,സി പി ഒ ജിതിൻ. കെ. ജി , എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.താമരശ്ശേരി ഇൻസ്‌പെക്ടർ അഗസ്റ്റിൻ, ബിജു പൂക്കോട്ട്, എ എസ് ഐ ശ്രീജിത്ത് എസ്.ഡി,എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
