കല്‍പ്പറ്റ: രക്താർബുദം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് 19 വർഷങ്ങൾക്ക് ശേഷം 1.75 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു. ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അനുകൂല വിധി വന്നിരിക്കുന്നത്. 19 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അനുകൂലമായ വിധി വന്നത്.
തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ കുട്ടിയെ ചികിത്സിച്ച കോഴിക്കോട് സ്വദേശിയായ ഡോക്ടര്‍ പിഎം കുട്ടിയില്‍ നിന്നുമാണ് നഷ്ടപരിഹാരത്തുക മാതാപിതാക്കള്‍ക്ക് കൈമാറിയത്.
കുട്ടിയുടെ അമ്മയായ മിനി ഗണേഷിനാണ് 19 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അനുകൂല വിധി ലഭിച്ചത്. വയനാട്, കണിയാമ്പറ്റ സ്വദേശിയായ ഇവരുടെ മകള്‍ അഞ്ജലിയാണ് രക്താർബുദം ബാധിച്ച് മരണമടഞ്ഞത്. 2003 സെപ്റ്റംബര്‍ 21നായിരുന്നു സംഭവം.
രക്താർബുദം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് അഞ്ജലിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിൽ എത്തിച്ചത്. 1996 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലാണ് അഞ്ജലിയെ ചികിത്സിച്ചിരുന്നത്. പിന്നീട് രോഗം പൂര്‍ണ്ണമായി ഭേദമായെന്ന് ഡോക്ടര്‍ അഞ്ജലിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ 2002 ആയപ്പോഴേക്കും കുട്ടിയുടെ കണ്ണിന്റെ കാഴ്ച മങ്ങിത്തുടങ്ങി. എന്നാല്‍ ഇത് മൈഗ്രേനിന്റെ ആരംഭം ആണെന്ന് പറഞ്ഞാണ് അന്ന് ഡോക്ടര്‍ ചികിത്സിച്ചത്. പിന്നീട് കുട്ടിയുടെ കാഴ്ച പൂര്‍ണ്ണമായും ഇല്ലാതാകുകയും ചെയ്തു. ഇത് കാൻസർ മൂലമാണെന്ന് കണ്ടെത്തി.
അതിന് ശേഷം കോയമ്പത്തൂരും ബെംഗളുരിലുമുള്ള ആശുപത്രികളില്‍ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. അവിടെ വെച്ചാണ് രോഗം വളരെയധികം മൂര്‍ഛിച്ചുവെന്നും കീമോ തെറാപ്പി പോലും കുട്ടിയ്ക്ക് ചെയ്തിട്ടില്ലെന്നും അറിയുന്നത്. കുട്ടിയെ ചികിത്സിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറായിരുന്ന പിഎം കുട്ടിയാണ്.
ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ചികിത്സയിൽ ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് ജസ്റ്റിസ് മോഹന്‍കുമാര്‍ അംഗമായ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 2008ല്‍, അഞ്ജലിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ അപ്പീലുമായി ഡോക്ടര്‍ പി.എം കുട്ടി കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2021ല്‍ ഇദ്ദേഹത്തിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. അനുകൂല വിധി വന്നിട്ടും നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആരോപിച്ച് അഞ്ജലിയുടെ അമ്മ മിനി ഗണേഷ് പിന്നീട് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് 2021 നവംബര്‍ 22ന് നഷ്ടപരിഹാരം എത്രയും പെട്ടെന്ന് കുട്ടിയുടെ കുടുംബത്തിന് ലഭ്യമാക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു. ‘തങ്ങളുടെ മകള്‍ക്ക് നീതി ലഭിച്ചുവെന്നാണ്’ അഞ്ജലിയുടെ കുടുംബം ഇതിനോട് പ്രതികരിച്ചത്.
”14 വര്‍ഷമായി കേസിന്റെ പിന്നാലെയാണ്. ഇപ്പോള്‍ സന്തോഷമായി. ഞങ്ങളുടെ മകള്‍ക്ക് നീതി ലഭിച്ചു,” എന്നായിരുന്നു അഞ്ജലിയുടെ അമ്മയുടെ പ്രതികരണം.
കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന ആരോഗ്യവകുപ്പ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക കൈമാറിയത്. പലിശ ചേര്‍ത്തുള്ള നഷ്ടപരിഹാരത്തുകയല്ല ഇപ്പോള്‍ കൈമാറിയത്. 2008ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പലിശയെപ്പറ്റി പ്രതിപാദിച്ചിരുന്നില്ല.
