Trending

ജന്തര്‍മന്ദറിലെ CAA, NRC, UAPA വിരുദ്ധ സമരം: ആനി രാജയ്ക്കെതിരായ കേസ് റദ്ദാക്കി, തെളിവില്ലെന്ന് കോടതി




ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ സിഎഎ, എന്‍ആര്‍സി, യുഎപിഎ വിരുദ്ധ സമരത്തിന് നേതൃത്വംനല്‍കിയ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി റദ്ദാക്കി.

 ഡല്‍ഹി പട്യാല ഹൗസ് കോടതി ആണ് ആനി രാജയക്ക് എതിരെ വിവിധ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കിയത്. പോലീസ് ഹാജരാക്കിയ തെളിവുകള്‍ ആനി രാജയ്ക്ക് ശിക്ഷ ലഭിക്കുന്നതിന് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

സിഎഎ വിരുദ്ധ സമരത്തിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2021 ഡിസംബര്‍ പതിനാറിന് ജന്തര്‍ മന്ദറില്‍ വിവിധ വനിത സംഘടനകളുടെ സമരത്തിന് നേതൃത്വം നല്‍കിയതിനാണ് ആനി രാജയ്ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കാലത്ത് സമരത്തില്‍ സാമൂഹിക അകലം പാലിക്കാത്തതിന് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയും നിരോധനാജ്ഞാ ലംഘനത്തിനും ആണ് ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

എന്നാല്‍, സമരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി, ആനി രാജ സാമൂഹിക അകലം പാലിച്ചില്ലെന്ന കുറ്റപത്രത്തിലെ പരാമര്‍ശം തെറ്റാണെന്ന് കണ്ടെത്തി. സമരത്തില്‍ പങ്കെടുത്ത മറ്റ് അംഗങ്ങളില്‍ നിന്ന് മാറി അകലെ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു സിപിഐ നേതാവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ദുരന്തനിവാരണ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. സമരം നടന്ന സമയത്ത് ജന്തര്‍ മന്ദറില്‍ നിരോധനാജ്ഞ നിലനിന്നിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


Post a Comment

Previous Post Next Post