ന്യൂഡല്‍ഹി: നോട്ട് നിരോധനം ഭരണഘടനാപരമാണോ എന്നതില്‍ സുപ്രീംകോടതിയുടെ വിധി ഇന്ന്. ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറയുന്നത്. നോട്ട് നിരോധനം കൊണ്ടുവന്ന് ആറ് വര്‍ഷത്തിന് ശേഷമുള്ള വിധി കേന്ദ്രസര്‍ക്കാരിന് നിര്‍ണായകമാണ്.
ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, വി സുബ്രഹ്മണ്യന്‍, ബി വി നാഗാര്‍ഥ എന്നിവരാണ് മറ്റ് അംഗങ്ങള്‍. 1000, 500 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള 58 ഹര്‍ജികളിലാണ് കോടതി വിധി പറയുക. നോട്ട് നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയവും ചട്ടലംഘനവും ആണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം.
ആര്‍ബിഐ നിയമത്തിന് അനുസൃതമായാണോ നോട്ട് നിരോധനം നടപ്പാക്കിയത്, നിരോധനം തുല്യതയ്ക്കും ജീവനോപാധിക്കുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണോ, നിരോധനം നടപ്പിലാക്കിയത് ശരിയായ രീതിയിലാണോ, ധന, സാമ്പത്തിക നയങ്ങളില്‍ ഇടപെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിധിയെന്താണ് തുടങ്ങിയ ചോദ്യങ്ങളില്‍ അഞ്ചംഗ ബെഞ്ച് വിധി പറയും.
