താമരശ്ശേരി: രാരോത്ത് വില്ലേജ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ നൽകിയ എല്ലാവർക്കും രണ്ടാഴ്ചക്കകം സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് വില്ലേജ് ഓഫീസർ പ്രശാന്ത് ടി ന്യൂസിനോട് പറഞ്ഞു.
സ്കൂൾ, കോളേജ് പ്രവേശനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അപേക്ഷയും, വിധവാ പെൻഷനു വേണ്ടിയുള്ള സർട്ടിഫിക്കറ്റുകളുടെ അപേക്ഷയും ഒന്നിച്ചു വന്നതാണ് വിതരണം വൈകാൻ കാരണമായത്.
വിധവാ പെൻഷൻ സംബന്ധിച്ച അപേക്ഷകൾക്ക് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയമുള്ളതിനാൽ വിദ്യാർത്ഥികൾക്കാണ് മുൻഗണന നൽകിയത്.
വില്ലേജ് ഓഫീസർ പുതുതായി ചുമതല ഏറ്റെടുത്തപ്പോൾ 850 ഓളം അപേക്ഷകളാണ് തീർപ്പുകൽപ്പിക്കാൻ ഉണ്ടായിരുന്നത്.ഇതിൽ പകുതിയിൽ അധികവും വിതരണം ചെയ്തു കഴിഞ്ഞു.
രാവിലെ 10 മുതൽ 5 വരെയുള്ള സമയത്ത് ഓഫീസിൽ മറ്റാവശ്യങ്ങൾക്കായി തന്നെ ധാരാളം പേർ എത്തുന്നതിനാൽ സർട്ടിഫിക്കറ്റ് പരിശോധന വീട്ടിൽ നിന്നുമാണ് നടത്തുന്നത്. അർദ്ധരാത്രി വരെ ജോലി ചെയ്താണ് സർട്ടിഫിക്കറ്റുകൾ കൊടുത്തു തീർക്കുന്നത്. ആവശ്യത്തിന് ജീവനക്കാർ വില്ലേജ് ഓഫീസുകളിൽ ഇല്ലാത്തതും ഫയലുകൾ നീങ്ങാൻ താമസമെടുക്കുന്നുണ്ട്.
എങ്കിലും ഉള്ള പരിമിധികൾ വെച്ച് രണ്ടാഴ്ചക്കകം കൈവശമുള്ള 450 ഓളം അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
