വിവാഹവസ്ത്രങ്ങളണിഞ്ഞ് അന്യോന്യം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങൾക്കു താഴെ ഒട്ടേറെപ്പേരാണ് പിന്തുണ അറിയിച്ചും ആശംസകൾ നേർന്നും പ്രതികരിച്ചത്.
കൂട്ടുകാരിയായ ഫാത്തിമ നൂറയ്ക്കൊപ്പം ജീവിക്കാൻ അനുമതി തേടി ആദില നസ്റിൻ നേരത്തെ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയിരുന്നു. തന്നോടൊപ്പം താമസിക്കാനെത്തിയ പുതുപ്പാടി സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയെന്നും ഫാത്തിമയെ കാണാനില്ലെന്നും കാണിച്ചായിരുന്നു നസ്റിൻ പരാതി നൽകിയത്. ഇതിന്റ അടിസ്ഥാനത്തിൽ കോടതി ഇവർക്ക് ഒന്നിച്ചുജീവിക്കാനുള്ള അനുമതി നൽകിയിരുന്നു.
സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് നസ്റിനും നൂറയും പ്രണയത്തിലാകുന്നത്. വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തമ്മില്‍ ബന്ധപ്പെടാന്‍ ശ്രമിക്കില്ലെന്ന വാഗ്ദാനം വീട്ടുകാര്‍ക്ക് നല്‍കുകയും നാട്ടിലെത്തി ഡിഗ്രിപഠനം പൂര്‍ത്തിയാക്കി ചെന്നൈയില്‍ ജോലി നേടിയെടുക്കുകയും ചെയ്തു. നൂറയുടെ കുടുംബം ബന്ധത്തെ കുറിച്ചറിഞ്ഞ ശേഷം നസ്റിന് താക്കീത് നൽകിയിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചും ഇരുവരും സ്നേഹബന്ധം തുടരുകയായിരുന്നു. തുടർന്നാണ് കോഴിക്കോടുള്ള ഒരു സന്നദ്ധസംഘടനയിൽ ഇരുവരും അഭയം തേടിയത്. പിന്നീട് നസ്റിന്റെ വീട്ടിലേക്ക് വന്ന നൂറയെ ബന്ധുക്കൾ ബലമായി കൂട്ടിക്കൊണ്ടുപോയതോടെയാണ് ആദില നസ്റിൻ നിയമസഹായം തേടുന്നത്.
ഏതായാലും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പ്രണയസാഷാത്കാരം നേടി ഒന്നായതിന്റെ സന്തോഷചിത്രങ്ങളാണ് ഇരുവരും ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
