കൊടുവള്ളി : നഗരസഭയിലെ തലപ്പെരുമണ്ണ - പ്രാവിൽ റോഡിന് സർക്കാർ അനുവദിച്ച പത്ത് ലക്ഷം രൂപയുടെ ഫണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ മറ്റൊരു വാർഡിലേക്ക് മാറ്റിയ നടപടിക്കെതിരായും വികസന കാര്യത്തിൽ രണ്ടു ഡിവിഷനുകളോടും കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് സി പി ഐ തലപ്പെരുമണ്ണ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സി പി ഐ കൊടുവള്ളി മണ്ഡലം സെക്രട്ടറി പി സി തോമസ് ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ ബാവ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി ടി സി ഗഫൂർ , ഒ പി ഐ കോയ , എം പി ശംസുദ്ദീൻ , വേളാട്ട് മുഹമ്മദ്, മാതോലത്ത് അബ്ദുള്ള, കെ വി റാഷിദ്, ഷുഹൈബ്, ടി കെ സി മജീദ്, കെ സി അഭിനവ് , സുനി എന്നിവർ സംസാരിച്ചു. വികസനങ്ങൾ തടസ്സപ്പെടുത്തുന്ന മണ്ഡലം എം എൽ എ യുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി പി ഐ ഭാരവാഹികൾ പറഞ്ഞു. 27 ന് എം എൽ എ ഓഫീസിലേക്ക് സി പി ഐ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുമെന്നും സി പി ഐ ലോക്കൽ നേതൃത്വം അറിയിച്ചു.
