കണ്ണൂര്‍ പാനൂരില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി ശ്യാംജിത്ത് (25) പിടിയിൽ. ഇന്ന് ഉച്ചയോടെ അതിദാരുണമായ സംഭവം നടന്നത്. വിഷ്ണുപ്രിയയുടെ അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന്, കുടുംബവീട്ടിലായിരുന്നു ഇന്ന് രാവിലെ വരെ യുവതി ഉണ്ടായിരുന്നത്. കുളിച്ച് വസ്ത്രം മാറാനും മറ്റുമായി ഇന്ന് രാവിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. മകൾ തിരിച്ച് വരാൻ വൈകിയതോടെ അമ്മ വീട്ടിലേക്ക് വന്നു. ഈ സമയത്താണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. അമ്മയാണ് ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചത്.
അതേസമയം, പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ.
പാനൂരിൽ ന്യൂക്ലിയസ് ആശുപത്രിയിൽ ഫാർമസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട പാനൂര്‍ വള്ള്യായി സ്വദേശിനി വിഷ്ണുപ്രിയ. യുവതിയുടെ അച്ഛൻ വിനോദ് ഖത്തറിലാണ്. ഇദ്ദേഹം ഈയടുത്താണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരികെ പോയത്.