കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസില്‍ ആശുപത്രിയുടെ ന്യായീകരണം പൊളിയുന്നു.
തെറ്റുപറ്റിയെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളജിലേതാണെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയെന്നും ഇതില്‍ പറയുന്നുണ്ട്.
യുവതിയുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിലേതല്ലെന്നും യുവതി മറ്റ് ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നുമായിരുന്നു തുടക്കത്തില്‍ മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാരുടെ ന്യായീകരണം.
2017 നവംബര്‍ 30നാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം അവശത വര്‍ധിച്ചു. സാധരണ ബുദ്ധിമുട്ടുകളെന്ന് കരുതി പലയിടത്തും ചികില്‍സതേടി. ഒടുവില്‍ വേദന അസഹനീയമായപ്പോള്‍ കഴിഞ്ഞമാസമാണ് സ്വകാര്യ ആശുപത്രിയില്‍ സ്കാനിങ് നടത്തിയത്. സ്കാന്‍ റിപ്പോര്‍ട്ടില്‍ ശസ്ത്രക്രിയ്ക്ക് ഉപയോഗിക്കുന്ന കത്രിക വയറ്റില്‍ ഉണ്ടെന്ന് വ്യക്തമായി. തുടർന്ന് ആരോഗ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.
ഡോക്ടർമാർ ന്യായീകരിച്ച പോലെ ആദ്യ സിസേറിയൻ സമയത്ത് വയറ്റിൽ അകപ്പെട്ട കത്രികയെങ്കിൽ അവസാന പ്രസവത്തിന് മുമ്പ് നടത്തിയ സ്കാനിംങ്ങുകളിൽ എന്തുകൊണ്ട് കത്രിക അകപ്പെട്ടത് കണ്ടില്ലായെന്ന ചോദ്യം യുവതിയുടെ ഭർത്താവ് ഉന്നയിച്ചിരുന്നു.
