കോഴിക്കോട്: ബീച്ച് ഗവ.ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തനം നിലച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിനെ ഉപരോധിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ ഉപരോധം ഒന്നര മണിക്കൂർ നീണ്ടു. ലാബ് തുറന്നു പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ ഉറപ്പു ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് നിലപാട് എടുത്തതോടെ ആശുപത്രി ഡെപ്പ്യൂട്ടി സൂപ്രണ്ട് ഡിഎംഒയുമായി ബന്ധപ്പെട്ടു. അതിനു ശേഷം കാത്ത് ലാബ് പ്രൊഡക്ട് കമ്പനി വിതരണ അധികൃതരുമായി ബീച്ച് ആശുപത്രിയിൽ വച്ച് ഡെപ്യൂട്ടി സൂപ്രണ്ട് കെ എം സച്ചിൻ ബാബു ചർച്ച നടത്തി. ലാബിലേക്ക് സാധനങ്ങൾ നൽകിയ വിതരണക്കാർക്കുള്ള കുടിശ്ശിക ലഭ്യമാക്കാൻ ഈ ചർച്ചയിൽ തീരുമാനമായി.
ഇതോടെ അടുത്ത ദിവസം മുതൽ കാത്ത് ലാബ് തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതർ ഉറപ്പ് നൽകി. ഇക്കാര്യങ്ങൾ ബീച്ച് ആശുപത്രി സൂപ്രണ്ട് രേഖാമൂലം എഴുതി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ യൂത്ത് കോൺഗ്രസ് ഉപരോധം അവസാനിപ്പിച്ചു. കഴിഞ്ഞ ഏപ്രിൽ മുതലുള്ള കുടിശ്ശിക 2 കോടി രൂപ നൽകാതിരുന്നതാണ് ലാബിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിൽ നിന്ന് വിതരണക്കാർ പിൻമാറാൻ കാരണം. നിലവിലുള്ള ആദ്യ ഘട്ട കുടിശിക 45 ലക്ഷം രൂപ അടുത്ത ദിവസം നൽകും ബാക്കിയുള്ളത് നവംബർ 30 നകം തീർക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് കെ എം സച്ചിൻ ബാബു മാധ്യമങ്ങളോട് പറഞ്ഞു. ലാബിന്റെ പ്രവർത്തനം നിലച്ചതോടെ പാവപ്പെട്ട ഒട്ടേറെ രോഗികളാണ് പ്രതിസന്ധിയിലായത്. പ്രതിമാസം ശരാശരി 60 ആൻജിയോ ഗ്രാമും, 40 ആൻജിയോ പ്ലാസ്റ്റിയും ചെയ്ത് വരുന്നു. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാൽ ചെയ്യുന്നതിനാൽ നിർദ്ദന രോഗികൾക്ക് ഏറെ ആശ്വാസകരമാണ്. ലാബ് പ്രവർത്തനം നിലക്കുന്ന സാഹചര്യം ഇനിയും ആവർത്തിക്കാതിരിക്കാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന്
യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, ശ്രീയേഷ് ചെലവൂർ, ടി.എം.നിമേഷ്, സുജിത്ത് കാഞ്ഞോളി, ടി.എം.വരുൺ കുമാർ, വി.ടി.നിഹാൽ എന്നിവർ നേതൃത്വം നൽകി. അതെ സമയം കുടിശിക തുക രണ്ട് ദിവസത്തിനകം നൽകിയില്ലെങ്കിൽ സാധനങ്ങൾ നൽകില്ലന്നാണ് വിതരണക്കാരുടെ നിലപാട്.
