ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കറി കത്തി കൊണ്ട് നഫീസ ഭര്‍ത്താവിനെ കുത്തുകയായിരുന്നു. കുഞ്ഞിമുഹമ്മദിന്റെ പുറംഭാഗത്താണ് കുത്തേറ്റത്. ബഹളം കേട്ട് എത്തിയ അയല്‍വാസികള്‍ ഉടനെ ഇയാളെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മഞ്ചേരിയില്‍ ബാര്‍ബര്‍ തൊഴിലാളിയാണ് കുഞ്ഞുമുഹമ്മദ്. ഇയാളുടെ പുനര്‍വിവാഹത്തിലെ പങ്കാളിയാണ് നഫീസ. ഇവരുടെ വീട്ടില്‍ പതിവായി വഴക്കുണ്ടാവാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. നഫീസക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത നഫീസയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
