ആലുവ: അറ്റക്കുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്ന ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയിൽ വീണ് അബോധാവസ്ഥയിലായിരുന്ന സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ആലുവ പെരുമ്പാവൂര്‍ റോഡിലെ ചാലക്കൽ പതിയാട്ട് കവലയിലെ കുഴിയിൽ വീണാണ് കുഞ്ഞുമുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്.
തലയടിച്ച് വീണതിനാൽ ദിവസങ്ങളായി സംസാര ശേഷിയും ഓർമ്മശ്കതിയും നഷ്ടമായി ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് കുഞ്ഞുമുഹമ്മദ് മരിച്ചത്. മൃതദേഹം വൈകിട്ടോടെ കുന്നത്തുകരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. തന്‍റെ രക്ഷിതാവിനുണ്ടായ അവസ്ഥ ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ കുഴി അടയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കുഞ്ഞുമുഹമ്മദിന്‍റെ മകൻ പറഞ്ഞു.
കുഞ്ഞുമുഹമ്മദ് വീണ കുഴിയിൽ ഇന്നും ബൈക്ക് യാത്രക്കാരന്‍ വീണ് പരിക്കേറ്റിരുന്നു.
ഇയാൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ പെരുമ്പാവൂര്‍ റോഡിലെ മരണക്കുഴികളിൽ വീണ് ദിനംപ്രതി യാത്രക്കാർക്ക് അപകടമുണ്ടാകുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. കുഞ്ഞുമുഹമ്മദിന്‍റെ മരണത്തിന് സർക്കാർ ആണ് ഉത്തരവാദിയെന്ന് ആലുവ എം എൽ എ അൻവർ സാദത്ത് പറഞ്ഞു.
