എകെജി സെൻറർ ആക്രണക്കേസിലെ പ്രതി ജിതിൻെറ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. മുമ്പും കേസുകളിൽ പ്രതിയായ ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.
കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുവാദം. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ 22നാണ് ഏകെജി സെന്റർ ആക്രമണ കേസിൽ ജിതിൻ പിടിയിലായത്.
എകെജി സെൻറർ ആക്രമിക്കുമ്പോള്‍ പ്രതി ധരിച്ചിരുന്ന ടീ ഷർട്ട്, ഷൂസ് എന്നിവയിൽ നിന്നുമാണ് ജിതിനിലേക്ക് എത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നത്. ജിതിൻ ഉപയോഗിച്ച ടീഷർട്ട്, ഷൂസ്, സ്കൂട്ടർ എന്നി കണ്ടെത്തുന്നതിനുവേണ്ടിയാണ് നാലു ദിവസത്തെ കസ്റ്റഡയിൽ വാങ്ങിയത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്തുനിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. മറ്റൊരു പ്രധാന തെളിവായ ടീഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്ത ശേഷം ടീ ഷർട്ട് വാങ്ങിയ കടയിലും കൊണ്ടുപോയിരുന്നു.
