തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി. നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ശരീഫ്, ഡ്യൂട്ടി ഗാര്‍ഡ് എസ് ആര്‍ സുരേഷ്, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സി പി മിലന്‍ ഡോറിച്ച് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്. കണ്‍സഷന്‍ നല്‍കാത്തതിന്റെ കാരണം തേടിയ പ്രേമനോട് ജീവനക്കാര്‍ കയര്‍ക്കുകയും തര്‍ക്കിച്ചപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ആന്റണി രാജു അറിയിച്ചിരുന്നു.
കണ്‍സഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി കണ്‍സഷനായി നടക്കുകയാണെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ മൂന്ന് അംഗം സംഘം പ്രേമനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനം തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രേമന്റെ മകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.