കെ പി സി സി അധ്യക്ഷൻ കെ സുധാകരനാണ് അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. പിരിവ് നൽകാത്ത കടയിൽ അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങൾക്കെതിരായാണ് ഇവർ പ്രവർത്തിച്ചതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
''കൊല്ലത്തെ അസ്വീകാര്യമായ സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പാർട്ടി പ്രവർത്തകരെ അടിയന്തരമായി സസ്പെൻഡ് ചെയ്തു. അവർ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നില്ല, അത്തരം പെരുമാറ്റം ന്യായീകരിക്കാനാകില്ല. കോർപ്പറേറ്റ് സംഭാവനകൾ സ്വീകരിക്കുന്ന മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി പാർട്ടി ചെറിയ സംഭാവനകൾ സന്നദ്ധരായവരിൽ നിന്ന് ശേഖരിക്കുകയാണ് ചെയ്യുന്നത്''- സുധാകരൻ ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിൽ കോൺഗ്രസ് നേതാക്കൾ അക്രമം നടത്തിയത്. ഭാരത് ജോഡോ യാത്രയുടെ പിരിവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രദേശിക കോൺഗ്രസ് നേതാക്കൾ പച്ചക്കറി കടയിലെത്തിയത്. സംഭാവനയായി 2000 രൂപയുടെ രസീത് അനസിന് എഴുതി നൽകിയെങ്കിലും 500 രൂപ മാത്രമേ നൽകാനാവൂവെന്ന നിലപാട് സ്വീകരിച്ചു.
എന്നാൽ, 2000 തന്നെ വേണമെന്ന നിലപാട് നേതാക്കൾ ആവർത്തിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും നേതാക്കൾ അടിച്ചു തകർത്തുവെന്നാണ് അനസിന്‍റെ പരാതിയിൽ പറയുന്നത്. കുന്നിക്കോട് പൊലീസിലാണ് കടയുടമ പരാതി നൽകിയത്.