തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് 2022ലെ രമണ്‍ മഗ്‌സസെ പുരസ്‌കാരം ലഭിക്കാനുള്ള അവസരം നിഷേധിച്ച് സിപിഐഎം. സിപിഐഎം തങ്ങളുടെ ചരിത്ര മണ്ടത്തരം ആവര്‍ത്തിച്ചു എന്ന് വിശേഷണത്തോടെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.നിപ, കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് കമ്മിറ്റി 64-ാമത് പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രിക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രശംസ ലഭിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ജ്യോതിബസുവിന് പ്രധാനമന്ത്രി പദം നിരസിച്ചതിനെ ചരിത്രപരമായ മണ്ടത്തരമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗസ്റ്റ് അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. കെ കെ ഷൈലജയെ നോമിനേറ്റ് ചെയ്തതിന് ശേഷം ഫൗണ്ടേഷന്‍ രാജ്യത്തെ ഏതാനും പ്രമുഖ സ്വതന്ത്രരായ ആളുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഓണ്‍ലൈന്‍ സംവാദത്തിനിടെ ഫൗണ്ടേഷന്‍ ശൈലജയെ പരിഗണിച്ചെന്നും പിന്നീട് ജൂലൈ അവസാനത്തോടെ അവാര്‍ഡ് വിവരം അറിയിച്ചുവെന്നും പ്രമുഖര്‍ വെളിപ്പെടുത്തിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം മുന്‍ മന്ത്രിയെ മെയില്‍ വഴി അറിയച്ചു. അവാര്‍ഡ് സ്വീകരിക്കാനുള്ള സന്നദ്ധത രേഖാ മൂലം അറിയിക്കണമെന്ന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. 2022 സെപ്തംബര്‍ മുതല്‍ നവംബര്‍ വരെ അവാര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളും ഷെഡ്യൂള്‍ ചെയ്തിരുന്നു. സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായ ശൈലജ പാര്‍ട്ടിയുമായി നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കേണ്ട എന്ന് പാര്‍ട്ടി നിര്‍ദേശിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു
ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വ്വഹിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് രാജ്യാന്തര അംഗീകാരം. വ്യക്തിഗത ശേഷിയില്‍ അവാര്‍ഡ് സ്വീകരിക്കേണ്ട എന്നായിരുന്നു പാര്‍ട്ടി നിലപാട്. ഇതേ തുടര്‍ന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കരുതെന്ന് പാര്‍ട്ടി തീരുമാനിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യയുടെ നോബല്‍ എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സെസെ അവാര്‍ഡ് സ്വീകരിക്കാന്‍ പാര്‍ട്ടി അനുവദിച്ചിരുന്നെങ്കില്‍ മഗ്‌സസെ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി വനിതയായി കെ കെ ശൈലജ അറിയപ്പെടുമായിരുന്നു. ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ് രമണ്‍ മഗ്‌സസെ അവാര്‍ഡ്.
'കമ്മ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലായ്മ ചെയ്ത ചരിത്രമുണ്ട്'; മഗ്‌സസെ നിരസിച്ചതിന്റെ കാരണം വിശദീകരിച്ച് യെച്ചൂരി
ന്യൂഡല്‍ഹി: രമണ്‍ മഗ്‌സസെ പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിന് നിരവധി ഘടകങ്ങളുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കെകെ ശൈലജ തന്നെയാണ് അവാര്‍ഡ് നിരസിക്കുന്ന കാര്യം എന്‍ജിഒയെ അറിയിച്ചത്. കേരളം മഹാമാരിയെ പ്രതിരോധിച്ചത് സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. അതൊരു വ്യക്തിയുടെ മാത്രം പ്രവര്‍ത്തനത്തിന്റെ ഫലമല്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഫിലിപ്പിയന്‍സിലെ കമ്മ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലായ്മ ചെയ്ത മഗ്‌സസിന്റെ പേരിലുള്ള അവാര്‍ഡ് ആണെന്നതും അത് അവാര്‍ഡ് നിരസിക്കാനുള്ള ഒരു ഘടകമാണെന്ന് സീതാറാം യെച്ചൂരി ചൂണ്ടികാട്ടി.
സീതാറാം യെച്ചൂരിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-
പാര്‍ട്ടിയില്‍ കൂട്ടായി ചര്‍ച്ച ചെയ്തിരുന്നു. കെകെ ശൈലജ തന്നെയാണ് അവാര്‍ഡ് നിരസിക്കുന്ന കാര്യം എന്‍ജിഒയെ അറിയിച്ചത്. കേരളം മഹാമാരിയെ പ്രതിരോധിച്ചത് സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. അതൊരു വ്യക്തിയുടെ മാത്രം പ്രയത്‌നം കൊണ്ടല്ല. മഗ്‌സസെ വ്യക്തികള്‍ക്ക് മാത്രമാണ് പുരസ്‌കാരം നല്‍കുന്നത്
രണ്ടാമത് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന് ഇതുവരേയും മക്‌സസെ പുരസ്‌കാരം നല്‍കിയിട്ടില്ല. ആദ്യമായിട്ടാണ് ഒരാളെ പരിഗണിക്കുന്നത്. എന്നാല്‍ ശൈലജ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. രാഷ്ട്രീയത്തില്‍ സജീവമാണ്.
മൂന്നാമത്തെ കാര്യം മക്‌സസെയുടെ പേരിലുള്ള അവാര്‍ഡ് ആണെന്നതിലാണ്. ഫിലിപ്പിയന്‍സിലെ കമ്മ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലായ്മ ചെയ്ത ഒരു ചരിത്രമുണ്ട്. ഇതെല്ലാം ഘടകമാണ്. അതിനാലാണ് ബഹുമാനത്തോടെ കെകെ ശൈലജ ബഹുമാനത്തോടെ പുരസ്‌കാരം നിരസിച്ചത്. ഇതിന് പുറമേ എന്തുകൊണ്ട് അവര്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനെ പരിഗണിച്ചതെന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.
ആരായിരുന്നു രമണ്‍ മഗ്‌സസെ; അഴിമതി വിരുദ്ധ പ്രതിച്ഛായ, അമേരിക്കയുടെ അടുത്ത സുഹൃത്ത്, പേര് കേട്ട കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍
കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് ലഭിക്കാനിരുന്ന 64-ാമത് പുരസ്‌കാരം രമണ്‍ മഗ്‌സസെ പുരസ്കാരം സിപിഐഎം നിരസിച്ചു എന്ന വാർത്ത ചർച്ചയായിക്കൊണ്ടിരിക്കുക്കയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രശംസ ലഭിച്ചിരുന്നു. നിപ, കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് കമ്മിറ്റി 64-ാമത് പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രിക്ക് നല്‍കാന്‍ തീരുമാനിച്ചത്.
എന്നാൽ കേന്ദ്ര കമ്മിറ്റി അംഗമായ ശൈലജ അവാർഡ് സ്വീകരിക്കേണ്ട എന്ന തീരുമാനം സിപിഐഎം എടുത്തു. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് രാജ്യാന്തര അംഗീകാരം. വ്യക്തിഗത ശേഷിയില്‍ അവാര്‍ഡ് സ്വീകരിക്കേണ്ട എന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം എങ്കിലും ഈ നിലപാടിലേക്ക് സിപിഐഎമ്മിനെ എത്തിച്ചത് രമൺ മഗ്സെയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചരിത്രമാണ്.
ഫിലിപ്പീന്‍സിന്റെ ഏഴാമത് പ്രസിഡന്റായിരുന്ന രമണ്‍ മാഗ്‌സസെ ലോകമെമ്പാടും പ്രശസ്തനായത് ഫിലിപ്പീന്‍സിലെ കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കിയ ഹുക്ക് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിയ വ്യക്തിയെന്ന നിലയിലാണ്. 1953 മുതല്‍ 57 വരെയാണ് മഗ്‌സസെ രാജ്യം ഭരിച്ചത്. മാഗ്‌സസെ രണ്ടാം ലോകമഹായുദ്ധകാലത്ത് ലുസോണില്‍ ഗറില്ല നേതാവായിരുന്നു. തന്റെ ജന്മനാടായ സംബേയ്ല്‍സ് അമേരിക്ക പിടിച്ചടക്കിയപ്പോള്‍ അദ്ദേഹത്തെ മിലിറ്ററി ഗവര്‍ണറായി നിയമിച്ചു. രണ്ട് തവണ സംബേയ്ല്‍സില്‍ നിന്നുള്ള ലിബറല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗമായിരുന്നു. ഇതാണ് മഗ്‌സസേയുടെ ആദ്യ രാഷ്ട്രീയ അനുഭവം.
1950ല്‍ കമ്മ്യൂണിസ്റ്റുകളായ ഹുക്കുകള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയപ്പോള്‍ അന്നത്തെ പ്രസിഡന്റ് എല്‍പിഡിയോ ക്വീറിനോ മഗ്‌സസെയെ മിലിറ്ററി സെക്രട്ടറിയായി നിയമിച്ചു. സര്‍ക്കാരിനെ പുറത്താക്കുന്നതിന് വേണ്ടി ഹുക്കുകളുടെ നേതാവായ ലൂയിസ് താറുക്ക് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന സായുധ സേന രൂപീകരിച്ചപ്പോഴായിരുന്നു ഈ നിയമനം. ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഗറില്ല വിരുദ്ധ വേട്ടയ്ക്ക് 1953വരെ മാഗ്‌സസെ നേതൃത്വം നല്‍കി. ഹുക്കുകളെ അടിച്ചമര്‍ത്തിയ മഗ്‌സസെക്കെതിരെ ഭരണപക്ഷത്ത് നിന്നടക്കം ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാനത്ത് നിന്നും രാജിവെച്ചു.
1953ല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് പ്രസിഡന്റഫ് ക്വിറീനോയ്‌ക്കെതിരെ മത്സരിച്ചു. ഫിലീപ്പിനികളുടെ ജീവിതത്തില്‍ സമാനതകളില്ലാത്ത മാറ്റം വാഗ്ദാനം ചെയ്തു. പ്രസിഡന്റായി വിജയിച്ചു. വാഗ്ദാനം ചെയ്തതിലേറെയും നടപ്പാക്കാനായില്ല. എങ്കിലും അദ്ദേഹം വളരെ ജനപ്രീതിയുള്ള, അഴിമതി വിരുദ്ധ മുഖച്ഛായയുള്ളയാളായി തുടര്‍ന്നു. അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തും ഖ്യാതി നേടിയ കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു മാഗ്‌സസെ. 1957ല്‍ പ്രസിഡന്റ് പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ അദ്ദേഹം ഒരു വിമാനാപകടത്തില്‍ മരണപ്പെടുകയായിരുന്നു.

