താമരശേരി: കോഴിക്കോട് ജില്ല കേരള കര്‍ഷക അതിജീവന സംയുക്ത സമിതി നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. താമരശേരി മേരി മതാ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന ക്യാമ്പ് താമരശേരി രൂപതാ അധ്യക്ഷനും കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ രക്ഷാധികാരിയുമായ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ബഫര്‍ സോണ്‍, ഇഎസ്എ, തുടങ്ങിയ വിഷയങ്ങളില്‍ 2019ല്‍ ഇറക്കിയ മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യാതെ സുപ്രീംകോടതിയില്‍ പോയിട്ട് എന്ത് കാര്യമാണുള്ളത്. ഇപ്പോഴത്തെ തീരുമാനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഗൂഢനീക്കമാണ്. അതോടൊപ്പം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നാളികേരം റബ്ബര്‍ തുടങ്ങിയ വിളകള്‍ക്കുണ്ടായ വിലയിടിവില്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്നും ജനാധിപത്യമല്ല പണാധിപത്യമാണ് നാട്ടില്‍ നടക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ബിഷപ്പ് അഭിപ്രായപ്പെട്ടു. കാസ് കോഴിക്കോട് ജില്ലാ കമ്മറ്റി ചെയര്‍മാന്‍ മോണ്‍. ജോണ്‍ ഓറവുങ്കര, രൂപത ചാന്‍സിലര്‍ ഫാ.ബെന്നി മുണ്ടനാട്ട്, കാസ് കണ്‍വീനര്‍ ബോണി ജേക്കബ് ആനത്താനം, സംസ്ഥാന നേതാക്കളായ ജോയി കണ്ണഞ്ചിറ, സുമിന്‍ എസ് നെടുങ്ങാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നേതൃത്വ പരിശീലന ക്യാമ്പില്‍ ജേര്‍ണലിസ്റ്റ് വി.ബി.രാജന്‍, രാഷ്ട്രീയ കിസാന്‍ മഹാ സംഘ് നാഷണല്‍ കോഡിനേറ്റര്‍ കെ.വി.ബിജു, കാസ് കേരള കണ്‍വീനര്‍ ചാക്കോ കാളംപറമ്പില്‍, ജോയി കണ്ണഞ്ചിറ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 150ലധികം നേതാക്കള്‍ പങ്കെടുത്തു.
Tags:
Latest
