Trending

നടിയെ ആക്രമിച്ച കേസ്; ഹര്‍ജികള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും


ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണക്കും.

 ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ വിരമിച്ച പശ്ചാത്തലത്തിലാണ്, ചീഫ് ജസ്റ്റിസ് യു യു ലളിത് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്.

2019 നവംബര്‍ 29ന് കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ട ബെഞ്ചില്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് ഹര്‍ജികള്‍ ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചതെന്നാണ് സൂചന.

 കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാണ് വിചാരണ കോടതി ജഡ്ജിയുടെ ആവശ്യമെന്നാണ് സൂചന. ഹണി എം വര്‍ഗീസിന്റെ ആവശ്യം ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷയും സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസില് വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ കോടതിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ആരോപണം. തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍പ്പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ ഉദ്യോഗസ്ഥന്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിക്കുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post