കഴിഞ്ഞ ആഗസ്ത് പതിനെട്ടിനാണ് ചുങ്കം ഫോറസ്റ്റ് ഓഫീസിന് സമീപം വെച്ച് യുവതിയുടെ ദേഹത്ത് റോഡ് പ്രവൃത്തി കരാർ ഏറ്റെടുത്ത കമ്പനിയായ ശ്രീ ധന്യയുടെ ടിപ്പർ കയറി ദാരുണമായ മരണം നടന്നത്. കുട്ടികളെ സ്കൂൾ ബസ്സിൽ കയറ്റി വിടാൻ എത്തിയപ്പോഴായിരുന്നു അപകടം.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ചാലക്കരയിൽ ട്രാൻസ്ഫോമർ വേലിയിൽ കാറിടിച്ച് ഉള്ളിയേരി സ്വദേശിയായ എട്ടു വയസ്സുകാരൻ മരണപ്പെട്ടു.
ഇന്നലെ ചാലക്കരയിൽ നടന്ന അപകടത്തിൽ കൗമാരക്കരായ രണ്ടു വിദ്യാർത്ഥികളാണ് മരണപ്പെട്ടത്.ഇവരുടെ ദേഹത്ത് കയറിയതും ശ്രീധന്യയുടെ ടൈലർലോറി. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസ്സ് ബൈക്കിൽ ഇടിച്ച് ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു.
ഇതിനു പുറമെ ബിഷപ് ഹൗസിന് മുന്നിൽ വെച്ച് പിക്കപ്പും, കാറും കൂട്ടിയിടിച്ചു, ചുങ്കം റിലയൻസ് പമ്പിന് മുന്നിൽ വെച്ച് ബുള്ളറ്റിൽ കാറിടിച്ച് സ്ത്രീക്ക് സാരമായി പരിക്കേറ്റു.
തച്ചംപൊയിൽ അങ്ങാടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ചു തകർന്നു.
മൂന്നാംതോട് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ ഗയിൽ മുന്നറിയിപ്പ് ബോർഡിൽ ഇടിച്ച് യുവാവിന് പരുക്കേറ്റു.. ഇങ്ങനെ പോകുന്നു അപകട പരമ്പര.
റോഡ് നവീകരണം പൂർത്തിയാവുന്നതനുസരിച്ച് കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാതയിൽ അപകടങ്ങളും വർദ്ധിച്ചു വരികയാണ്.
