വര്‍ക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ കൊല്ലം ചിന്നക്കട മെയിന്‍ റോഡിലെ ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടെത്തി. യുവതി ചൊവ്വാഴ്ചയാണ് സുഹൃത്തിനൊപ്പം ലോഡ്ജിലെത്തിയതെന്ന് ലോഡ്ജ് നടത്തുന്നവര്‍ പറയുന്നു. വായില്‍ നിന്ന് നുരയും പതയും വന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ലോഡ്ജ് ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനാലാണ് ജീവനക്കാര്‍ റൂം പരിശോധിച്ചത്. അപ്പോഴാണ് യുവതിയെ വായില്‍ നിന്ന് നുരയും പതയും വന്ന നിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് എടുക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന യുവാവ് സ്ഥലം വിട്ടിരുന്നു. യുവതിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ സിഗരറ്റും ബീഡിയും കണ്ടെത്തി.
ഇരുപത്തിരണ്ടുകാരിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പൊലീസ് രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മകളെ കൊണ്ടുപോകാന്‍ ഞങ്ങള്‍ വരില്ലെന്ന മറുപടിയാണ് അവരില്‍ നിന്ന് പൊലീസിന് ലഭിച്ചത്. എന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് അവശനിലയിലായതാണോ അപസ്മാരത്തിന്റെ ലക്ഷണമാണോ യുവതിക്ക് ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. രക്തപരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ.
