താമരശ്ശേരി: ബിസിനസ്സ് ആവശ്യത്തിന് നൽകിയ പണം തിരികെ ആവശ്യപ്പെട്ട് എത്തിയ യുവതിയെ മർദ്ദിച്ച കേസിൽ കട്ടിപ്പാറ പഞ്ചായത്ത് അംഗവും, വികസന സമിതി ചെയർമാനും, കോൺഗ്രസ്സ് നേതാവുമായ ചമൽ കഴുകനോലിക്കൽ അനിൽ ജോർജ്ജിന് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 30ന് എളേറ്റിൽ സ്വദേശിനിയായ യുവതി പണം ആവശ്യപ്പെട്ട് അനിൽ ജോർജ്ജിൻ്റെ വീട്ടിൽ എത്തിയപ്പോൾ അക്രമിച്ചു എന്ന് കാണിച്ച് യുവതി നൽകിയ പരാതിയിൽ താമരശ്ശേരിപോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അനിൽ ജോർജ്ജിനെതിരെ കേസെടുത്തത്.
എന്നാൽ ആരോപണങ്ങൾ പരാതിക്കാരി കളവയായി കെട്ടിച്ചമച്ചതാണെന്നും, പണമിടപാടാണ് യഥാർത്ഥ തർക്കമെന്നും, പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പരാതിക്കാരി അനിൽ ജോർജ്ജിനേയും, ഭാര്യയേയും കയ്യേറ്റം ചെയ്യുകയാണ് ഉണ്ടായതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.പ്രതിക്ക് വേണ്ടി അഡ്വ.കെ.പി ഫിലിപ്പ് കോടതിയിൽ ഹാജരായി.
