താമരശ്ശേരി: ധനകാര്യസ്ഥാപനങ്ങളിൽ വ്യാജരേഖകൾ നിർമ്മിച്ച് നൽകി വായ്പാത്തട്ടിപ്പ് നടത്തിയ സംഘത്തിലുൾപ്പെട്ട പ്രതി സുൽത്താൻ ബത്തേരി സ്വദേശി ഹാരിസിനെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
ഈങ്ങാപ്പുഴ KSFEബ്രാഞ്ച്, താമരശ്ശേരിയിലെ സ്ഥാപനം എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്.
. കെ.എസ്.എഫ്.ഇ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ നിന്നു മാത്രം വ്യാജരേഖ ചമച്ച് രണ്ടു കോടിയിൽ അധികം രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ്.
പിടിയിലായ സുൽത്താൻബത്തേരി പട്ടരുതൊടി മാട്ടൻതൊടികയിൽ ഹാരിസി(42)നെയാണ് താമരശ്ശേരി പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.
ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
അതേസമയം വായ്പാത്തട്ടിപ്പ് കേസിലെ പ്രധാന കണ്ണികളായ മൂന്നു പേർക്കായി അന്വേഷണം തുടരുകയാണ്. വ്യാജരേഖ ചമച്ച് വായ്പ്പാതട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് എത്രയോ കാലം മുമ്പ് തന്നെ ആദ്യ പരാതി ലഭിച്ചിരുന്നെങ്കിലും ഈങ്ങാപ്പുഴ ബ്രാഞ്ചിൽ നിന്ന് മാത്രമായി പന്ത്രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യുകയും വിഷയം മാധ്യമശ്രദ്ധ നേടുകയും കർശനനടപടിയ്ക്ക് ജില്ലാ കളക്ടർ ഉത്തരവിടുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
അതോടെ മലപ്പുറം സ്വദേശിയായ വ്യാപാരസ്ഥാപനയുടമ ഉൾപ്പെടെ തട്ടിപ്പ് സംഘത്തിലെ മൂന്ന് പ്രധാന കണ്ണികൾ ഒളിവിൽ പോവുകയും ചെയ്തു. വില്ലേജ് ഓഫീസറുടെ സീലും ഓഫീസ് മുദ്രയും വ്യാജമായി നിർമിച്ചും, ലൊക്കേഷൻ സ്‌കെച്ച്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ കൃത്രിമമായി ഉണ്ടാക്കിയുമായിരുന്നു സംഘം പ്രധാനമായും തട്ടിപ്പ് നടത്തിയത്. തുച്ഛമായ വിലയുള്ള ഭൂമിയുടെ രേഖയിൽ റോഡരികിലുള്ള നല്ല വിപണിവിലയുള്ള ഭൂമിയുടെ സ്‌കെച്ചും കൈവശാവകാശരേഖയും ചമച്ച് അത് ഈടായി നൽകിയാണ് ലക്ഷങ്ങൾ തട്ടിയത്.
അതേസമയം വായ്പാ തട്ടിപ്പിന് ഒത്താശ ചെയ്തവർക്ക് ഭീമമായ 'കമ്മീഷൻ' ലഭിച്ചതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. കേസിൽ രണ്ടാംപ്രതിയായി അറസ്റ്റ് ചെയ്ത ഹാരിസിന് തട്ടിപ്പിന് പ്രതിഫലമായി വൻതുക ലഭ്യമായിട്ടുണ്ട്. ഒരു ഉന്നത റിട്ട. റവന്യൂ ഉദ്യോഗസ്ഥനും, നിലവിൽ സർവീസിലുള്ള ചിലർക്കുമായി വൻതുകകളാണ് കൈമാറിയത്. അതിനാൽ തന്നെ ഉദ്യോഗസ്ഥരിൽ ചിലരുടെ അറിവോടെ തന്നെയാണ് തട്ടിപ്പ് നടന്നതെന്നാണ് സംശയിക്കുന്നത്.

