Trending

'കേരളത്തിലെ തെരുവുനായ പ്രശ്‌നം ഗുരുതരം': പരിഹാരം കാണണമെന്ന് സുപ്രീംകോടതി, ഇടക്കാല ഉത്തരവ് 28ന്





ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ ആക്രമണത്തിന് പരിഹാരം കാണണമെന്ന് സുപ്രീംകോടതി.

 ആവശ്യമെങ്കില്‍ ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. തെരുവുനായ പ്രശ്‌നം ഗുരുതരമാണ്. പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും മലയാളി അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു.
റോഡിലൂടെ നടക്കുന്നവരെ നായ കടിക്കുന്നത് അംഗീകരിക്കാനാകില്ല. കേരളത്തില്‍ തെരുവുനായകള്‍ ഗൗരവകരമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നത് വസ്തുതയാണെന്നും കോടതി വ്യക്തമാക്കി. 


വിഷയത്തില്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ ഈ മാസം 28ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.


ഈ മാസം 26നാണ് ഹര്‍ജി പരിഗണിക്കാനിരുന്നതെങ്കിലും നായയുടെ കടിയേറ്റ് പത്തനംതിട്ടയിലെ അഭിരാമി മരിച്ചതടക്കം ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ വി കെ ബിജു അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പേവിഷ ബാധയ്ക്ക് എതിരായ വാക്‌സിന്‍ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകള്‍ മരണപ്പെടുന്ന സ്ഥിതി വി കെ ബിജു കോടതിയില്‍ ചൂണ്ടിക്കാട്ടി. 


എന്നാല്‍ ഈ കാരണം പറഞ്ഞ് തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മൃഗസ്‌നേഹികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതില്‍ വാദിച്ചു. പ്രശ്‌നക്കാരായ തെരുവുനായകളെ കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്ന വ്യക്തമായ നിയമമുണ്ടെന്ന് വി കെ ബിജു പറഞ്ഞു. വാദങ്ങള്‍ കേട്ട കോടതി, പ്രശ്‌നക്കാരായ നായകളെയും അല്ലാത്ത തെരുവുനായകളെയും രണ്ടായി തിരിച്ച് പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിക്കൂടേ എന്നും ചോദിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post