താമരശ്ശേരി:കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന പരീക്ഷ ജയിച്ച് വയറിംഗ് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഏക ട്രേഡ് യൂണിയൻ സംഘടനയായ ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള CITU കോഴിക്കോട് ജില്ലാ സമ്മേളനം 2022 ആഗസ്റ്റ് 3 ന് താമരശ്ശേരി വ്യാപാ രഭവൻ ഓഡിറ്റോറിയത്തിൽ (വി. രാരുക്കുട്ടി നഗറിൽ) നടക്കും.
പെർമിറ്റ് ലഭിച്ച മുഴുവൻ വയർമെൻമാർക്കും സ്വന്തമായി ജോലി ഏറ്റെടുക്കുന്നതിനുള്ള കോൺട്രാക്ടർ ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കണമെന്നും അനധികൃത വയറിംഗിനെതിരായുള്ള നിയമ നടപടികൾ കർശനമാക്കണമെന്നും ഉള്ള പ്രമേയങ്ങൾ ഈ സമ്മേളനം പരിഗണിക്കും.
കഴിഞ്ഞ 2018 -19 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തിലും പേമാരിയിലും വെള്ളം കയറിയ കോഴിക്കോട് ജില്ലയിലെ അയ്യായിരത്തിലധികം വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനും, കോവിഡ് കാലത്ത് FLTC കളിലടക്കം തടസ്സപ്പെട്ട വൈദ്യുതി പുനഃസ്ഥാപിക്കാനും സംഘടനാ തൊഴിലാളികൾ പ്രവർത്തിച്ചിട്ടുണ്ട്.
ജില്ലയിൽ 56 വീടുകളും വായനശാല അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങളും സംഘടനാപ്രവർത്തകർ സൗജന്യമായി വയറിംഗ് ചെയ്തു കൊടുത്തിട്ടുണ്ട്.
തൊഴിൽ സേന രൂപീകരിച്ച് ഈ പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും ലൈസൻസില്ലാത്തവർ നടത്തുന്ന വയറിംഗിന് തടയിടുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനും ഈ സമ്മേളനം വേദിയാവും. 3 ന് രാവിലെ 10 മണിക്ക് CITU ജില്ലാ സെക്രട്ടറി പി.കെ. മുകുന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന നേതാക്കളും CITU ഭാരവാഹികളും 16 ഏരിയകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 215 പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ താമരശ്ശേരിയിൽ നടത്തിയ
പത്രസമ്മേളനത്തിൽ പറഞ്ഞു.
യു. ഗോപിനാഥൻ, , കെ.ജി. വിജയൻ, എം.പി. അബ്ദുൾ നാസർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
