താമരശ്ശേരി:കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നര കോടിയോളം ചെലവഴിച്ച് നിര്‍മിച്ച വനിതാ വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വര്‍ഷം പിന്നിടുമ്പോഴും സംരംഭകര്‍ക്ക് തുറന്നു കൊടുക്കാത്തതിനാല്‍ നാശത്തിന്റെ വക്കില്‍. 2015 ജൂണില്‍ ഉദ്ഘാടന മാമാങ്കം നടത്തിയതല്ലാതെ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. രാപ്പകല്‍ ബേധമന്യേ കെട്ടിടത്തില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടമാണ്.
1995-2000 കാലത്തെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പതിനൊന്ന് ലക്ഷത്തിനാണ് താമരശ്ശേരി പള്ളിപ്പുറത്ത് ഒരേക്കര്‍ ഭൂമി വാങ്ങിയത്. ഒന്നര കോടിയോളം രൂപ ചെലവഴിച്ചാണ് ഇവിടെ കെട്ടിടം നിര്‍മിച്ചത്. 2014 ഫെബ്രുവരിയില്‍ ഗ്രാമവികസന വകുപ്പുമന്ത്രിയായിരുന്ന കെ സി ജോസഫാണ് വ്യവസായ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചത്.
താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. 2015 ജൂണില്‍ അന്നത്തെ വ്യവസായ വകുപ്പുമന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി വനിതാ വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ഭിത്തിയും മേല്‍ക്കൂരയും മാത്രമായിരുന്നു അപ്പോള്‍ പൂര്‍ത്തിയായത്. ഇതേ തുടര്‍ന്ന് വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം താമരശ്ശേരി ടൗണില്‍ വെച്ചാണ് നടത്തിയത്.
പിന്നീട് കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. വയറിംഗ്, പെയിന്റിംഗ് പോലോത്തെ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കി. എന്നാല്‍ കെട്ടിടം സംരംഭകര്‍ക്ക് തുറന്നു കൊടുക്കാന്‍ യാതൊരു നടപടിയും ഉണ്ടായില്ല.
അധികാരം വീതം വെക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ മാറിയതും മുന്‍ ഭരണ സമിതിയുടെ പദ്ധതികള്‍ പുതിയ ഭരണ സമിതി അവഗണിക്കുന്നതുമാണ് ഒന്നര കോടിയോളം മുടക്കിയ കെട്ടിടം നശിക്കാന്‍ കാരണമായത്.
ആള്‍പെരുമാറ്റമില്ലാത്ത ഇവിടെ വര്‍ഷങ്ങളായി സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. പകല്‍ സമയത്ത് പോലും ലഹരി ഉപയോഗവും അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളും ഇവിടെ പതിവാണ്. കെട്ടിടത്തിന്റെ വയറിംഗ് ഉപകരണങ്ങളും ജനല്‍ ചില്ലുകളുമെല്ലാം തകര്‍ക്കപ്പെട്ട നിലയിലാണ്.
