മെഡിക്കൽ കോളേജ്:കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ വളണ്ടിയർമാർക്കെതിരെ ഒരു ആംബുലൻസ് ഡ്രൈവർ നടത്തിയ പരാമർശനവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾക്കിടെ വിശദീകരണവുമായി AODA രംഗത്ത് വന്നു.
കേരളത്തിലെ ആംബുലൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA).
മേൽപറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയത് ഞങ്ങളുടെ മെമ്പർമാരല്ല.
ആയതിനാൽ സംഘടനയ്ക്കോ സംഘടനയിൽ ഉൾപ്പെട്ട മെമ്പർമാർക്കോ ഈ സംഭവത്തിൽ യാതൊരുവിധ പങ്കുമില്ല. പല സ്ഥലങ്ങളിലും ഒറ്റതിരിഞ്ഞുണ്ടാകുന്ന ആംബുലൻസ് ഡ്രൈവർമാരെ കുറിച്ചുള്ള പരാതികൾ നാം പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ AODA എന്ന സംഘടനയിൽപ്പെട്ട ഒരാളുപോലും ഇത്തരം മോശം പ്രവർത്തനങ്ങളിൽ ഇന്നുവരെ ഉൾപ്പെട്ടിട്ടില്ല എന്ന കാര്യം അഭിമാനത്തോടെ അറിയിക്കട്ടെ.
രോഗികളോടും കൂടെയുള്ളവരോടും മാന്യമായും സൗഹൃദപരമായും മാത്രമേ പെരുമാറാൻപാടുള്ളൂ എന്നും ഹോസ്പിറ്റലുകളിലും മറ്റും എത്തുമ്പോൾ അവിടെ പാലിക്കേണ്ടതും അവരോട് സഹകരിച്ച് പ്രവർത്തിക്കേണ്ടതും മറ്റും ഓരോ മെമ്പർമാർക്കും കൃത്യമായ പരിശീലന പരിപാടികളിലൂടെ സംഘടന നൽകിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ നാളിതുവരെ ഞങ്ങളുടെ മെമ്പർമാർക്കെതിരെ യാതൊരുവിധ പരാതിയും ഒരു സ്ഥാപനങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. അതോടൊപ്പം BLS ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പ്, NATPAC പോലീസ് ഡിപ്പാർട്ട്മെൻ്റ് IMA ആരോഗ്യ വകുപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെയും പരിശീലനം നേടിയവരാണ് ഞങ്ങളുടെ ഓരോ മെമ്പർമാരും.
പലപ്പോഴും രോഗികളുമായി വരുമ്പോൾ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും മറ്റുമായി ഞങ്ങൾക്ക് പൂർണ്ണ സഹായവും സഹകരണവും തന്നു കൊണ്ട് കൂടെ നിൽക്കുന്നവരാണ് കാഷ്വാലിറ്റിയിലെ വളണ്ടിയർമാർ. അവരുടെ സേവനം പലപ്പോഴും ഞങ്ങൾക്ക് ആശ്വാസകരവും അഭിമാനകരവുമായി അനുഭവപ്പെടാറുണ്ട്. ആത്മാർത്ഥമായി നിസ്വാർത്ഥ സേവനം ചെയ്യുന്ന ഇത്തരം വളണ്ടിയർമാർക്കെതിരെ അനാവശ്യ ആരോപണങ്ങൾ പറഞ്ഞു പരത്തുന്നവരുടെ കൂട്ടത്തിൽ ആംബുലൻസ്മേഖലയിൽ പ്രവർത്തിക്കുന്ന ഞങ്ങളെ(AODA) ഉൾപ്പെടുത്തരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. പ്രകൃതിദുരന്തങ്ങൾ, പ്രളയം നിപ്പ കോവിഡ് തുടങ്ങി പല സന്ദർഭങ്ങളിലും നിങ്ങളോടൊപ്പം ഞങ്ങളുണ്ടായിരുന്നു. ഇതുവരെ എന്നപോലെ തുടർന്നും നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്, യാതൊരു വിധ മോശം പ്രവർത്തനങ്ങളിലും സംഘടനയോ സംഘടനയിലെ മെമ്പർമാരോ ഉൾപ്പെടില്ല എന്ന ഉറച്ച വിശ്വാസമുണ്ടെന്നും,
AODA കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
