താമരശ്ശേരി ഗ്രാമപഞ്ചായത് ആസ്തികൾ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ആസ്തി രജിസ്റ്റർ കാലികമാക്കുകയും അവ അപഗ്രഥന സാധ്യതയോട് കൂടിയുള്ള വെബ്പോർട്ടലിൽ ഡിജിറ്റൽ ആയി ലഭ്യമാക്കുന്ന പദ്ധതിയുടെ ഉത്ഘാടനം താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ജെ. ടി. അബ്ദു റഹിമാൻ മാസ്റ്റർ നിർവഹിച്ചു.
ഡ്രോൺ സർവ്വേ, GPS സർവ്വേ, ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള വിവരശേഖരണവും അപഗ്രഥന സാധ്യതയോട് കൂടിയ വെബ്പോർട്ടലിൽ ഇവ ലഭ്യമാക്കുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജെയ്സൺ എൻ. ഡി.,വൈസ് പ്രസിഡന്റ് ഖദീജ സത്താർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസണൻമാരായ എ. അരവിന്ദൻ, എം. ടി. അയൂബ് ഖാൻ, മഞ്ചിത കെ., അസിസ്റ്റൻ്റ് സെക്രട്ടറി ദേവദാസൻ , ജൂനിയർ സൂപ്രണ്ട് ശശികുമാർ എം., എന്നിവരും വാർഡ് മെമ്പർമാരും പങ്കെടുത്തു. താമരശ്ശേരി പഞ്ചായത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന പ്രസ്തുത പദ്ധതിയുമായി പൊതുജനങ്ങളും ഉദ്യോഗസ്ഥരും പരിപൂർണ സഹകരണം ഉണ്ടാകണമെന്നും താമരശ്ശേരി പഞ്ചായത്തിന് മുകളിൽ ഡ്രോൺ പറക്കുമെന്നും ഇതിൽ ആശങ്കകളും പരിഭ്രാന്തികളും വേണ്ടന്നും പഞ്ചായത്ത് അറിയിച്ചു. നൂതന വിവരസാങ്കേതികവിദ്യ ഭരണനിർവ്വഹണത്തിലും ആസൂത്രണത്തിലും മുഖ്യ പങ്ക് വഹിക്കുന്ന ഈ കാലത്ത് താമരശ്ശേരി പഞ്ചായത്തിന്റെ ഈ പദ്ധതി മാതൃകാപരമായിരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റ്റീവ് സൊസൈറ്റി ആണ് പദ്ധതി നടപ്പിലാക്കുന്നത്.
