Trending

ബഫർ സോണിനു പുറകെ തോട്ട ഭൂമി വിഷയത്തിൽ മലയോര ജനത വീണ്ടും ദുരിതത്തിലേക്ക്






താമരശ്ശേരി: ബഫർ സോൺ വിഷയത്തിൻ്റെ കൂടെ തോട്ട ഭൂമി വിഷയം കൂടി മലയോര ജനതയെ കുടിയിറക്കിലേക്ക് എത്തിക്കുന്ന അവസ്ഥയിൽ.

1963ലെ കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 81 പ്രകാരം ഇളവ് അനുവദിച്ച തോട്ട ഭൂമികളിൽ വർഷങ്ങളായി വീടുകളും കെട്ടിടങ്ങളും നിർമ്മിച്ച് താമസിച്ച് വരുന്നവർക്കും ,കടം വാങ്ങിയും ലോണുകൾ എടുത്തും വാങ്ങിയ ഭൂമികളിൽ വീടുകൾ നിർമ്മിക്കുന്നതിനും തടസ്സം ഏർപ്പെടുത്തി കൊണ്ട് ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്.

ഇത് നടപ്പിലാക്കിയാൽ ഇപ്പോൾ തന്നെ  താമരശ്ശേരി താലൂക്കിലെ പഞ്ചായത്തുകളായ കട്ടിപ്പാറയിലെ 8 വാർഡുകൾ, പുതുപ്പാടി 6 വാർഡുകൾ, കോടഞ്ചേരി 3 വാർഡുകൾ, താമരശ്ശേരി 3 വാർഡുകൾ എന്നിവടങ്ങളിലെ വീട്, കെട്ടിട നിർമ്മാണങ്ങൾ, ഭൂമിയുടെ ക്രയവിക്രയങ്ങൾ എന്നിവക്ക് തടസ്സം നേരിട്ടു കൊണ്ടിരിക്കുകയാണ്.താലൂക്കിലെ മറ്റ് പഞ്ചായത്തുകളിലെ പ്രശ്നം നേരിടുന്ന സ്ഥലങ്ങളിലെ അവസ്ഥയും സമാനമാണ്.

ഈ പ്രദേശങ്ങളിലെല്ലാം ചെറുകിട കർഷകരും സാധാരണ ജനങ്ങളും അധിവസിക്കുന്ന വീടുകൾ ,കച്ചവട സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ, അംഗൻവാടികൾ, അഗതിമന്ദിരങ്ങൾ, ആരോഗ്യമേഖല കെട്ടിടങ്ങൾ തുടങ്ങി ജനങ്ങൾക്ക് അടിയന്തിര പ്രാധാന്യമുള്ള ധാരാളം സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

മലയോര കർഷകജനത ബഫർ സോൺ വിഷയവുമായി പോരാടുന്ന സമയത്ത് തന്നെ തോട്ട ഭൂമി വിഷയവുമായി എത്തുമ്പോൾ ജനങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ നിരാശാജനകമായ പ്രതിസന്ധിയിലായിരിക്കുകയാണ്. ബഫർ സോണും തോട്ട ഭൂമി വിഷയവും നടപ്പിലാക്കിയാൽ കട്ടിപ്പാറ പോലുള്ള പഞ്ചായത്തുകൾ പിന്നീട് ഇല്ലാതാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

തോട്ട ഭൂമി വിഷയവുമായി ബന്ധപ്പെട്ട്കൊണ്ട് താമരശ്ശേരിയിൽ ചേർന്ന UDF ജനപ്രതിനിധികളുടെയും നേതാക്കളുടെയും യോഗത്തിൽ സമര സമിതി കൺവീനർ കൗസർ മാസ്റ്റർ സ്വാഗതവും ചെയർമാൻ പ്രേംജി ജെയിംസ് അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജെ.ടി.അബ്ദുറഹ്മാൻ (താമരശ്ശേരി), അലക്സ് തോമസ് (കോടഞ്ചേരി), മോയത്ത് മുഹമ്മദ് (കട്ടിപ്പാറ), ബീന തങ്കച്ചൻ ( പുതുപ്പാടി), ആയിഷ ബീവി (വികസന കാര്യ ചെയർപേഴ്സൺ, പുതുപ്പാടി ), ജാസിൽ ( ക്ഷേമകാര്യ ചെയർമാൻ, പുതുപ്പാടി), AK അബൂബക്കർകുട്ടി, നവാസ് മാസ്റ്റർ, PP ഹാഫിസ് റഹ്മാൻ, സലാം മണക്കടവൻ, AT ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.*

കട്ടിപ്പാറ, താമരശ്ശേരി, കോടഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളെല്ലാം ജനങ്ങളെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ ഗവൺമെൻ്റ്  അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസ്സാക്കി അയച്ചിരുന്നു.

കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് അനുവദിച്ച തോട്ട ഭൂമികളിൽ വീടുകളും സ്ഥാപനങ്ങളും നിർമ്മിച്ച് വസിക്കുന്നവർക്കും, സ്ഥലം വാങ്ങി വീടുകൾ നിർമ്മിക്കുന്നതിന് തയ്യാറെടുക്കുന്നവർക്കും, കർഷകർക്കും, കർഷക തൊഴിലാളികൾക്കും, മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും സ്ഥായിയായ സുരക്ഷണം ലഭിക്കുന്നതിന് കേരള ഭൂപരിഷ്കരണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി സാധാരണക്കാരായ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സ്ഥലം MLA മാരുടെ സാന്നിദ്ധ്യത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെയും, റവന്യൂ വകുപ്പ് മന്ത്രിയെയും മറ്റ് ഉത്തരവാദപ്പെട്ടവരെയും നേരിൽ കണ്ട് വിഷയ ഗൗരവം ചർച്ച ചെയ്യുന്നതിന് തീരുമാനിച്ചു.ആദ്യപടിയെന്ന നിലയിൽ മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തി കൊണ്ട് താമരശ്ശേരി തഹസിൽദാർക്ക് സമരസമിതിയുടെ നേതൃത്വത്തിൽ നിവേദനം നല്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post