Trending

വീട്ടിൽ മകൾക്കൊപ്പം കണ്ട പതിനാറുകാരന്‍റെ ചെവികൾ അറുത്തുമാറ്റി; പിതാവ് അറസ്റ്റിൽ


ന്യൂഡൽഹി: വീട്ടിൽ മകൾക്കൊപ്പം കണ്ട പതിനാറുകാരന്‍റെ ചെവികൾ പിതാവ് അറുത്തുമാറ്റി. അസംമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം. ആൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിത്തരഞ്ജൻ ഗൊഗോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബോർഡുംസ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിമലുഗുരി ഗ്രാമത്തിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. കൈകളും കാലുകളും കെട്ടിയിട്ട് ക്രൂരമായി മർദിച്ചശേഷമാണ് ചെവികൾ അറുത്തുമാറ്റിയത്. പെൺകുട്ടിയുമായി പതിനാറുകാരൻ സ്നേഹത്തിലാണെന്നും ബന്ധത്തെ പിതാവ് എതിർത്തിരുന്നതായും പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം ഇരുവരെയും വീട്ടിൽ ഒരുമിച്ച് കണ്ടതിൽ ക്ഷുഭിതനായ ചിത്രരഞ്ജൻ ആൺകുട്ടിയെ ക്രൂരമായി മർദിച്ചശേഷം ചെവികൾ അറുത്തുമാറ്റുകയായിരുന്നെന്ന് ടിൻസുകിയ എസ്.പി ദെബോജിത് പറഞ്ഞു. വീട്ടിൽ മോഷണശ്രമത്തിനിടെ കുട്ടിയെ പിടികൂടിയെന്നും നാട്ടുകാർ അവനെ മർദിച്ചെന്നും പറഞ്ഞ് പിതാവ് തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്.

സ്ഥലത്തെത്തിയ പൊലീസ് ആൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. പിന്നാലെയാണ് മാതാവിന്‍റെ പരാതിയിൽ ചിത്രരഞ്ജനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ എത്തിച്ച ആൺകുട്ടിയുടെ ചെവികൾ ഡോക്ടർമാർ തുന്നിചേർത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post