തളിപ്പറമ്പ്: ബുധനാഴ്ച ബസ് മറിഞ്ഞ് അപകടമുണ്ടായ കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലിൽ വീണ്ടും അപകടം. തളിപ്പറമ്പ് സ്വദേശിയുടെ ടൊയോട്ട കാറാണ് വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ അപകടത്തിൽപെട്ടത്. തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോകവേയാണ് അപകടം.
ഉടൻ അഗ്നിശമനസേനയും പൊലീസും സംഭവസ്ഥലത്തെത്തി വാഹനം നീക്കി. നാലു പേർ കാറിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. ബക്കളം മുതൽ കുറ്റിക്കോൽ പാലം വരെയുള്ള റോഡ് അപകട സാധ്യതയുള്ള സ്ഥലമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തായിരുന്നു ബസ് മറിഞ്ഞ് നഴ്സ് മരിച്ചത്. ഇവിടം വാഹനങ്ങളുടെ വേഗം കുറക്കാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്.
