Trending

'ഇനി തർക്കം വേണ്ട, സുരക്ഷിത യാത്ര'; 'കേരള സവാരി' ചിങ്ങം ഒന്നിന് ഓടി തുടങ്ങും



തിരുവനന്തപുരം: ഇനി മലയാളിക്കും സ്വന്തം ഓൺലെെൻ ടാക്സി സർവ്വീസ്.
 സംസ്ഥാനത്തെ പുതിയ സംരംഭമായ ഓൺലെെൻ ഓട്ടോ ടാക്സി സർവ്വീസ് 'കേരള സവാരി'ചിങ്ങം ഒന്നു മുതൽ നിരത്തിലിറങ്ങും. 


ഇതിനായി 500ലേറെ ഓട്ടോ, ടാക്സി ഡ്രെെവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടം തിരുവനന്തപുരത്താകും നടപ്പിലാക്കുക. നിലവിലെ സ്വകാര്യ സർവ്വീസ് സംവിധാനങ്ങളായ ഓലെ, ഊബർ എന്നിവയുടെ ബദലായാണ് സർക്കാർ സംവിധാനം ഒരുങ്ങുന്നത്.



തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി തുടർന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ പ്ലാനിങ് ബോർഡ്, ലീഗൽ മെട്രോളജി, ഗതാഗതം, ഐ ടി, പൊലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 


24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്ററാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സോഫ്റ്റ്‍വെയർ, ജിപിഎസ് ഏകോപനം എന്നിവയും സജ്ജമായിക്കൊണ്ടിരിക്കുകയാണ്.






തൊഴിൽ വകുപ്പ് നടപ്പാക്കുന്ന സേവനത്തിന്റെ ബുക്കിങ് ആപ്പും ജനങ്ങളിലേക്ക് ഉടൻ എത്തും. ഓൺലൈൻ സംവിധാനത്തിലൂടെ ഓട്ടോ/ടാക്സി എന്നിവ ബുക്ക് ചെയ്യുമ്പോൾ സർക്കാരാണ് തുക നിശ്ചയിക്കുന്നത്. ഒപ്പം എട്ട് ശതമാനം സർവീസ് ചാർജും ചേർത്തുള്ള കൂലിയായിരിക്കും യാത്രക്കാരിൽ നിന്നും ഈടാക്കുക. പൊലീസിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് നേടിയ ഡ്രൈവർമാർ മാത്രമാണ് 'കേരള സവാരി'യുടെ ഭാഗമാകുന്നത്. കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡാണ് 'കേരള സവാരി' എന്ന പേരിൽ ഓൺലൈൻ ഓട്ടോ, ടാക്സി സർവ്വീസ് ആരംഭിക്കുന്നതിനായുള്ള നിർദേശം സമർപ്പിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post