Trending

QATAR AlR WAYS 'നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ'; സംഘ്പരിവാറിന്റെ ക്യാമ്പയിനിടെ ഖത്തര്‍ എയര്‍വേസ്


സംഘ്പരിവാറിന്റെ ഖത്തര്‍ എയര്‍വേസ് ബഹിഷ്‌കരണാഹ്വാനത്തിനിടെ 'നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ' പരസ്യവുമായി ഖത്തര്‍ എയര്‍വേസ്. qatarairways.com വെബ്‌സൈറ്റിന്റെ ഹോംപേജിലെ പരസ്യ ബാനറിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140ലധികം സ്ഥലങ്ങളിലേക്കാണ് സര്‍വീസ്. ഇന്ത്യയില്‍നിന്നുള്ള നിങ്ങളുടെ അടുത്ത അവധിയില്‍ ഖത്തര്‍ എയര്‍വേയ്സിലെ ആഢംബര യാത്ര എന്നും ഓര്‍ക്കുന്നതായിരിക്കും. ഖത്തര്‍ എയര്‍വേസ് പരസ്യത്തില്‍ പറയുന്നു.


ബിജെപി നേതാക്കളുടെ പ്രവാചകനെതിരെയുള്ള അപകീര്‍ത്തി പ്രസ്താവനയില്‍ ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് ട്വിറ്ററില്‍ ഖത്തര്‍ എയര്‍വേസ് ബഹിഷ്‌കരണാഹ്വാനം സംഘപരിവാര്‍ പ്രൊഫൈലുകള്‍ ആരംഭിച്ചത്.

 ബോയ്‌കോട്ട് എന്നതിന് പകരം ബൈകോട്ട് ഖത്തര്‍ എയര്‍വേസ് എന്നെഴുതിയ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടംനേടിയിരുന്നു. ബിജെപിയുടെ ഈ അക്ഷരത്തെറ്റിനെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 ഇതിനിടെയാണ് ഖത്തര്‍ എയര്‍വേസിന്റെ 'നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ' പരസ്യം വൈറലാകുന്നത്.
അതേസമയം, പ്രവാചകനിന്ദ നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മയ്ക്ക് മുംബൈ പൊലീസ് നോട്ടീസ് അയച്ചു. ഈ മാസം 22ന് ചോദ്യം ചെയ്യലിനു ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് അയച്ചത്. പ്രവാചകനിന്ദയില്‍ മൂന്നു കേസുകളാണ് നുപുര്‍ ശര്‍മയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 മതവികാരം വ്രണപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമം നടത്തി, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
'ഈ തീക്കളി രാജ്യത്തിന് ആപത്ത്'
2024ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് ബിജെപി വര്‍ഗീയതയിലൂന്നിയുള്ള ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

മതവും ജാതിയും വര്‍ഗവും വര്‍ണവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും ജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയം അപകടകരവും ജനവിരുദ്ധവുമാണ്. തങ്ങള്‍ മുന്നോട്ടുവെക്കുന്നത് ഈ രീതിയിലുള്ള രാഷ്ട്രീയമാണെന്നത് ബിജെപി നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 

ലോകത്തിന് മുന്നില്‍ ഇന്ത്യ നാണംകെട്ടുനില്‍ക്കേണ്ട ഗതികേടാണ് ഇപ്പോള്‍ സംഘപരിവാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്: രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ളതാവണം. മതവും ജാതിയും വര്‍ഗവും വര്‍ണവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും അവരുടെ ജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയം അപകടകരവും ജനവിരുദ്ധവുമാണ്. 

തങ്ങള്‍ മുന്നോട്ടുവെക്കുന്നത് ഈ രീതിയിലുള്ള രാഷ്ട്രീയമാണെന്നത് ബി ജെ പി നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന് മുന്നില്‍ നമ്മുടെ രാജ്യം നാണംകെട്ടുനില്‍ക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ ദേശീയ വക്താവ് നൂപുര്‍ ശര്‍മയും ഡല്‍ഹിയിലെ മീഡിയാ വിഭാഗത്തിന്റെ തലവനായ നവീന്‍കുമാര്‍ ജിന്‍ഡലും പ്രവാചകനെ നിന്ദിച്ചതിലൂടെ, ലോകത്തിന് മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ മഹനീയതയ്ക്കാണ് കോട്ടം തട്ടിയിരിക്കുന്നത്.
ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രവാചകനെ നിന്ദിച്ചവരെ തല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് ബിജെപി ശ്രമിച്ചത്. 

ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, എല്ലാ മതത്തെയും ആദരിക്കുന്നുവെന്നും ഏതെങ്കിലും മതത്തെയോ മത വ്യക്തിത്വങ്ങളെയോ അവഹേളിക്കുന്നതിന് പാര്‍ട്ടി എതിരാണെന്നുമുള്ള ഒരു പ്രസ്താവനയും പുറപ്പെടുവിച്ചു. ആ പ്രസ്താവന തയ്യാറാക്കുമ്പോള്‍ പോലും സംഘപരിവാരത്തിന്റെ നേതാക്കളും അണികളും മുസ്ലിങ്ങള്‍ക്കെതിരായുള്ള വിദ്വേഷ പ്രസ്താവനകളും കുടിലനീക്കങ്ങളും നടത്തിക്കൊണ്ടിരിക്കയാണ്.
ഖത്തര്‍, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളും ഇറാനും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയുണ്ടായി. ഖത്തറില്‍ പര്യടനം നടത്തുന്ന ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് നല്‍കാനിരുന്ന വിരുന്ന് ആ രാജ്യം റദ്ദാക്കി. മറ്റ് നിരവധി രാജ്യങ്ങള്‍ അനൗപചാരികമായി തങ്ങളുടെ പ്രതിഷേധം ഇന്ത്യയെ അറിയിക്കുന്നുണ്ട്.

 ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പല രാഷ്ട്രങ്ങളും ബഹിഷ്‌കരിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉരുത്തിരിഞ്ഞുവരുന്നത്.
2020ലെ കണക്കനുസരിച്ച് 86 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍തേടിയിട്ടുള്ളത്. അതില്‍ 19 ലക്ഷത്തോളം പേര്‍ മലയാളികളാണ്. കോവിഡ് പ്രതിസന്ധിക്കാലത്ത് ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെങ്കിലും ഗള്‍ഫിലെ തൊഴില്‍മേഖല തിരിച്ചുവരവിന്റെ പാതയിലാണുള്ളത്. 


നമുക്കത് ഏറെ ആശ്വാസം പകരുന്നുമുണ്ട്. അപ്പോഴാണ് അറബ് രാജ്യങ്ങളിലും മറ്റും തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ ജീവിതത്തിന് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ബി ജെ പി, 2024ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് വര്‍ഗീയതയിലൂന്നിയുള്ള ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നത്. ഇതിനെതിരെ രാജ്യത്തിനകത്ത് നിന്ന് ഉയരുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ബി ജെ പി നേതൃത്വം, രാജ്യത്തിന് പുറത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ നടപടികളെടുക്കാന്‍ തയ്യാറായിരിക്കുന്നു! ഈ പ്രവൃത്തിയിലെ ആത്മാര്‍ത്ഥതയില്ലായ്മ ഇതില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റും. ഈ തീക്കളി രാജ്യത്തിന് ആപത്താണ്.




T News

working in the field of advertising and printing

Post a Comment

Previous Post Next Post