Trending

''പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഗ്ലാസ് ഡോര്‍ പൂട്ടിയിട്ടത്'; പോസ്റ്ററിലൂടെ വൈറലായ കള്ളന്‍ മാനന്തവാടിയില്‍ പിടിയില്‍

 
മാനന്തവാടി: തൃശൂര്‍ കുന്ദംകുളത്തെ ഒരു കടയില്‍ ഗ്ലാസ് ഡോര്‍ തകര്‍ത്ത് മോഷ്ടിക്കാന്‍ കയറി നിരാശ കുറിപ്പെഴുതി വൈറലായ കള്ളനെ മാനന്തവാടി പോലീസ് പിടികൂടി.

 മോഷ്ടിക്കാന്‍ കയറിയ കടയില്‍ നിന്നും ഒന്നും കിട്ടാതെ വന്നപ്പോള്‍   'പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടത്'; എന്ന നിരാശ കുറിപ്പെഴുതിവെച്ച   കുപ്രസിദ്ധ മോഷ്ടാവ്  വയനാട് പുല്‍പ്പള്ളി ഇരുളം കളിപറമ്പില്‍ വിശ്വരാജ് (40)നെയാണ് മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം  പിടികൂടിയത്. 

വയനാട് ഉള്‍പ്പെടെ കേരളത്തിലെ നിരവധി ജില്ലകളില്‍ 53 ഓളം കേസുകളില്‍ പ്രതിയാണ്    വിശ്വരാജ് .മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് തന്ത്രപരമായി പോലീസ് ഇയാളെ പിടികൂടിയത്.

കല്‍പ്പറ്റ,കൊയിലാണ്ടി,ഫറൂഖ് ,ഗുരുവായൂര്‍,കണ്ണൂര്‍, കാസര്‍കോട്,ബത്തേരി ഉള്‍പ്പെടെയുള്ള  കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍  വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് വിശ്വരാജ് മാനന്തവാടിയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെയും, ആശുപത്രി ജീവനക്കാരുടേയും, ഓട്ടോ ഡ്രൈവര്‍മാരുടെയും ,വ്യാപാരികളുടെയും സഹായത്തോടെ വിശ്വരാജ് വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതായി കണ്ടെത്തുകയും ചെയ്തു. 

തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും  ആശുപത്രി അധികൃതരുടെ അനുമതിയോടെ  മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുള്‍ കരീമും സംഘവും വിശ്വരാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാനന്തവാടി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലാത്തതിനാല്‍ നിലവില്‍ കേസുള്ള കല്‍പ്പറ്റ പോലീസിന് വിശ്വരാജിനെ കൈമാറുകയും ചെയ്തു. 

കഴിഞ്ഞ ആഴ്ച കുന്നംകുളത്തെ വ്യാപര സമുച്ചയത്തിലെ മൂന്ന് കടകളില്‍ ഇയാള്‍  കയറിയിരുന്നു . ഒരു കടയില്‍ നിന്നും 12,000 രൂപയും മറ്റൊരു കടയില്‍ നിന്ന് 500 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത് . എന്നാല്‍ മൂന്നാമത്തെ കടയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോഴായിരുന്നു  'പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടത്'; എന്ന നിരാശ കുറിപ്പെഴുതിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വയറലായിരുന്നു.പോലീസ് സംഘത്തില്‍ എ.എസ്.ഐ. മോഹന്‍ദാസ്, സി.പി.ഒ.മാരായ നിഥിന്‍, അജീഷ് കുനിയില്‍ എന്നിവരുമുണ്ടായിരുന്നു.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post