Trending

വിരട്ടാൻ നോക്കേണ്ട;'എന്തും വിളിച്ച് പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കും', പരോക്ഷ മറുപടിയുമായി പിണറായി



കോട്ടയം: സ്വര്‍ണ്ണ - ഡോള‍ര്‍ കടത്ത് ആരോപണ പ്രത്യാരോപണങ്ങൾക്കിടെ വിവാദങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

എന്തും വിളിച്ച് പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ പേരെടുത്ത് പറയാതെ പരോക്ഷമായായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല. തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും'. നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. '2021 ൽ വലിയ പടയൊരുക്കവും നുണ പ്രചാരണത്തിന്റെ മലവെള്ളപാച്ചിലുമുണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. പക്ഷേ ജനങ്ങൾ ഞങ്ങളെ മനസിലാക്കി.

നിങ്ങൾ 99 സീറ്റിൽ ഭരണം നടത്താൻ ജനങ്ങൾ ആവശ്യപ്പെട്ടു'. ഞങ്ങളത് ശിരസാ വഹിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയും കുടുംബവും കറൻസി കടത്തിന്റെ ഭാഗമായി എന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകൾ നടത്തുന്നത്.

ഈ സാഹചര്യത്തിൽ കോട്ടയത്ത് പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്‍റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പേ പൊതുജനത്തിന്‍റെ വാഹനങ്ങൾ തടഞ്ഞു. മണിക്കൂറുകളോളം വാഹനം തടഞ്ഞതോടെ വഴിയാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. കറുത്ത മാസ്ക് ധരിച്ചവർ പോലും ഈ വഴി കടന്ന് പോകരുതെന്നാണ് പൊലീസ് നൽകിയ നി‍ർദേശം. കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയായിരുന്നു റോഡുകൾ അടച്ചത്. ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്തക്ക കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാനകവലകളും പൊലീസ് അടച്ചിട്ടിരിക്കുകയായിരുന്നു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post