തിരുവനന്തപുരം: മരുമകൻ വീട്ടിൽ കഞ്ചാവ് നട്ട് വളർത്തിയതിന് പിടിക്കപ്പെട്ടതിന് പിന്നാലെ നേതൃസ്ഥാനം രാജിവെച്ച് ബിജെപി നേതാവ്. സന്തോഷ് വിളപ്പിലാണ് എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. 'വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല' എന്ന് സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.
സന്തോഷിന്റെ മകളുടെ ഭർത്താവ് വിളപ്പിൽ നൂലിയോട് രഞ്ജിത്തിനെ (33) കഞ്ചാവ് ചെടി വളർത്തിയതിന് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലാണ് രഞ്ജിത്ത് കുടുംബസമേതം താമസിച്ചിരുന്നത്. പച്ചക്കറി കൃഷിക്ക് ഇടയിലായി രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിൽ 17 കഞ്ചാവ് ചെടികളാണ് രഞ്ജിത്ത് വളർത്തിയിരുന്നത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലായത്.
